രാജരാജേശ്വരി നഗർ ലൂപ്പ് റെഡ് സെക്കൻഡ് ക്രോസിലെ ഐഡിയൽ ഹോംസ് എൻക്ലോഷറിലെ മാനുഷി എന്ന വീടിന്റെ ഗേറ്റ് തുറക്കാൻ ശ്രമിക്കവെയാണു ഗൗരി വെടിയേറ്റു മരിച്ചത്. ഈ മേഖലയിലെ ഓരോ നീക്കവും അന്നു മുതൽ പൊലീസ് ശ്രദ്ധിച്ചുവരുന്നുണ്ട്. ഗൗരിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി കൊല നടന്ന ദിവസം തന്നെ ഘാതകർ മൂന്നുതവണ ഈ വീടിനു മുന്നിലെത്തിയിരുന്നതായി എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശം നന്നായി അറിയുന്നവരാണോ കൊലപാതകത്തിനു പിന്നിലെന്നു കണ്ടുപിടിക്കാനായാണു നിലവിൽ പൊതുജനത്തിന്റെ സഹായം ഒരിക്കൽക്കൂടി തേടുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അന്വേഷണം ചുവന്ന ബൈക്കിലേക്കും
കെഎ 02 റജിസ്ട്രേഷനിലുള്ള ചുവന്ന പൾസർ ബൈക്കിലാണു കൊലയാളി എത്തിയതെന്നു പൊലീസ് ഇപ്പോൾ സംശയിക്കുന്നു. ഈ ബൈക്ക് നശിപ്പിച്ചിരിക്കാനാണു സാധ്യതയത്രെ. ചുവന്ന പൾസർ ബൈക്ക് ഉപയോഗിച്ചു കുറ്റകൃത്യങ്ങൾ നടത്തുന്ന ചിലരുടെ ലിസ്റ്റും നിലവിൽ തയാറാക്കിവരുന്നുണ്ട്. ഇത്തരത്തിൽ നിലവിൽ ജയിലിലുള്ള കുറ്റവാളികളെ ചോദ്യം ചെയ്തുവരികയാണ്. ഗതാഗത വകുപ്പിനോടു കെഎ 02 ശ്രേണിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ചുവന്ന പൾസർ ബൈക്കുകളുടെ ലിസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ദിശയിലേക്കും അന്വേഷണം നീളുന്നതായും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി ഇന്നലെ മംഗളൂരുവിൽ പറഞ്ഞു.ഗൗരിവധം മാത്രമല്ല പുരോഗമന സാഹിത്യകാരൻ എം.എം.കൽബുറഗി വധത്തിനും ഇതോടെ തുമ്പുണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചോദ്യം ചെയ്യൽ: മുത്തപ്പ റായിയെയും ചോദ്യം ചെയ്തു
മുൻ ഗുണ്ടാനേതാക്കൾക്കു ഗൗരി വധവുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായി, അഗ്നി ശ്രീധറിനു പിന്നാലെ ജയ് കർണാടക നേതാവുകൂടിയായ മുത്തപ്പ റായിയേയും എസ്ഐടി സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി സൂചന. ഗൗരി ലങ്കേഷിനെതിരെ മുത്തപ്പ റായി ഫയൽ ചെയ്ത ഒരു മാനനഷ്ടക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ളതാണ് ഇയാളിലേക്ക് അന്വേഷണം നീളാൻ ഇടയാക്കിയത്. കൊല നടന്ന ദിവസം താൻ പൂത്തൂരിലായിരുന്നതായി മുത്തപ്പ റായി മൊഴി നൽകിയത്രെ. ഗൗരി ലങ്കേഷ് പത്രികെയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെപേരിൽ ഗൗരിക്കെതിരെ മാനനഷ്ടക്കേസുകൾ നൽകിയിരിക്കുന്ന മറ്റു 15 പേരിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്.
അഭ്രപാളിയിലേക്ക് ഗൗരി വധം
രാജ്യമൊട്ടാകെ കനത്ത പ്രതിഷേധങ്ങൾക്കു വഴിവച്ച ഗൗരിലങ്കേഷ് വധം സിനിമയാക്കാനുള്ള പുറപ്പാടിലാണു സംവിധായകനായ എ.എം.ആർ.രമേഷ്. സയനൈഡ്, അട്ടഹാസ തുടങ്ങിയ സിനിമകളുടെ പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.അടുത്തറിയാമായിരുന്ന ഗൗരിയുടെ ദാരുണ കൊലപാതകം തന്നെ ഞെട്ടിച്ചുകളഞ്ഞതായും, ഇതിലേക്കു നയിച്ച എല്ലാ ദിശകളിലേക്കും വെളിച്ചം വീശുന്ന തരത്തിലുള്ള സിനിമ നിർമിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു പ്രത്യേക പരിഗണന നൽകിയത് ഉൾപ്പെടെപാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ചട്ടലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മുൻ ജയിൽ ഡിഐജി ഡി.രൂപയെക്കുറിച്ചുള്ള സിനിമയ്ക്കു സ്ക്രിപ്റ്റ് തയാറാക്കുന്നതിന്റെ തിരക്കിലാണു നിലവിൽ രമേഷ്.