സന്തോഷവാര്‍ത്ത! കേരളത്തിലും കര്‍ണാടകയിലും ആജീവനാന്ത റോഡ് നികുതി അടച്ചവർക്കു കര്‍ണാടകയിലെ നികുതി തിരികെ ലഭിക്കും;റീഫണ്ടിന് ഇപ്പോള്‍ അപേക്ഷനല്‍കാം.

ബെംഗളൂരു: അന്യ സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത വാഹനവുമായി 30 ദിവസത്തിലധികം തങ്ങിയതിനു കർണാടകയിൽ ആജീവനാന്ത റോഡ് നികുതി അടച്ചവർക്കു തുക തിരികെ കിട്ടാൻ റീഫണ്ടിന് അപേക്ഷിക്കാം. നിയമ ഭേദഗതിയിലൂടെ പിരിച്ചെടുത്ത നികുതിപ്പണം തിരികെ നൽകണമെന്ന സുപ്രീം കോടതി ഉത്തരവാണ് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹന ഉടമകൾക്ക് ആശ്വാസമായത്.

കേസിൽ നൽകിയ അപ്പീലിൽ കർ‌ണാടക സർക്കാർ വിജയിച്ചാൽ മാത്രം റോഡ് നികുതി തിരികെ അടയ്ക്കേണ്ടതുള്ളു. വാഹനവുമായി കർണാടകയിൽ എത്തി ഒരു വർഷം പൂർത്തിയാകും മുൻപ് ഇവിടത്തെ ആജീവനാന്ത റോഡ് നികുതി അടയ്ക്കേണ്ടി വന്ന വാഹന ഉടമകളെല്ലാം നികുതി റീ ഫണ്ട് ചെയ്തു കിട്ടാൻ അർഹരാണ്.

ഒരു മാസത്തിലധികം തങ്ങുന്ന അന്യവാഹനങ്ങളിൽ നിന്നു റോഡ് നികുതി പിരിക്കാൻ വേണ്ടി 2014 ഫെബ്രുവരിയിലാണ് കർണാടക മോട്ടോർ വെഹിക്കിൾ‌ ടാക്സേഷൻ ആക്ടിൽ ഭേദഗതി വരുത്തിയത്. അന്നു മുതൽ 2016 മാർച്ച് വരെ 35 കോടിയോളം രൂപയാണ് അന്യ സംസ്ഥാന വാഹനങ്ങളിൽ നിന്നു നികുതിയിനത്തിൽ പിരിച്ചെടുത്തത്.

ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി സർക്കാരിന്റെ നിയമഭേദഗതി 2016 മാർച്ച് 10നു കർണാടക സിംഗിൾ‌ബെഞ്ച് റദ്ദാക്കിയതോടെയാണ് ഇത്തരം റോഡ് നികുതി പിരിവു നിലച്ചത്. റദ്ദായ നിയമഭേദഗതി അനുസരിച്ച് അടച്ച റോഡ് നികുതി തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് ഇരുനൂറോളം വാഹന ഉടമകൾ വിവിധ ആർടി ഓഫിസുകളിലായി റീ ഫണ്ടിന് അപേക്ഷിച്ചു.

ഇവർക്കു തുക തിരികെ നൽകുന്നത് അസാധ്യമാണെന്നും അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ റോഡ് നികുതി തിരികെ നൽകണമെന്നു വ്യക്തമാക്കിയ സുപ്രീംകോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും നിരസിച്ചു.

നികുതി അടയ്ക്കേണ്ടി വന്ന എല്ലാവർക്കും റീഫണ്ടിന് അപേക്ഷിക്കാമെന്നു കേസിൽ വാഹന ഉടമകൾക്കു വേണ്ടി ഹാജരായ ജസ്റ്റിസ് ഫോർ നോൺ കെഎ വെഹിക്കിൾ ഓണേഴ്സ് (ഡ്രൈവ് വിത്തൗട്ട് ബോർഡേഴ്സ്) പ്രവർത്തകർ പറഞ്ഞു.

നാട്ടിലെ വാഹനവുമായി കർണാടകയിൽ ഒരു മാസത്തിലധികം തങ്ങിയതിന്റെ പേരിൽ ഒട്ടേറെ മലയാളികൾക്കും ലക്ഷക്കണക്കിനു രൂപ റോഡ് നികുതി അടയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇവർക്കെല്ലാം നികുതി അടച്ചതിന്റെ രേഖകൾ സഹിതം അതാത് ആർടി ഓഫിസുകളിൽ റീ ഫണ്ടിന് അപേക്ഷിക്കാം. കേസിൽ സർക്കാർ വിജയിച്ചാൽ നികുതി വീണ്ടും അടയ്ക്കാമെന്നു വാഹന ഉടമകൾ ഉറപ്പു നൽകണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us