ബെംഗളൂരു ∙ കേരളത്തിലേക്കു ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനിലെ എല്ലാ ടിക്കറ്റുകളും 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. സെപ്റ്റംബർ ഒന്നിനുള്ള യശ്വന്ത്പുര-കൊച്ചുവേളി സ്പെഷലിന്റെ ആയിരത്തിനാനൂറിലേറെ ടിക്കറ്റുകളാണു ചൂടപ്പംപോലെ വിറ്റഴിഞ്ഞത്. എന്നാൽ ബെംഗളൂരുവിൽനിന്നു കൂടുതൽ ട്രെയിനുകളോടിക്കാൻ റെയിൽവേ തയാറായിട്ടില്ല. 2014ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് എന്തുകൊണ്ട് ഇതുവരെ ഓടിക്കുന്നില്ലെന്ന ചോദ്യത്തിന് ഉൽസവ സീസണിൽ ഓടിക്കുമെന്നാണു റെയിൽവേ സഹമന്ത്രി മറുപടി നൽകിയത്.
എന്നാൽ ഓണമായിട്ടും ഈ ട്രെയിനോടിക്കാൻ മാത്രം നടപടിയില്ല. ഇത് ഉൽസവകാലമല്ലേ എന്നു ചോദിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. ബസ് ലോബിയെ സഹായിക്കാനാണു ശ്രമമെന്ന യാത്രക്കാരുടെ ആക്ഷേപം ശരിവയ്ക്കുന്നതരത്തിലാണു ദക്ഷിണ റെയിൽവേയിലെയും ബെംഗളൂരു ഡിവിഷനിലെയും ഉദ്യോഗസ്ഥരുടെ നടപടികൾ. കൊച്ചുവേളിയിലേക്ക് ഒരു സ്പെഷൽ മാത്രം പ്രഖ്യാപിച്ച റെയിൽവേ മലബാർ ഭാഗത്തേക്കു സ്പെഷലുകളൊന്നുംതന്നെയില്ല. ഓണം കഴിഞ്ഞു തിരികെ ബെംഗളൂരുവിലേക്കു മടങ്ങാനും ആവശ്യത്തിനു ട്രെയിനില്ല.
ടിക്കറ്റ് വിൽപനയുടെ കണക്കുകൾ പരിശോധിച്ചാൽ ഏതൊക്കെ റൂട്ടിലാണ് അടിയന്തരമായി സ്പെഷൽ ട്രെയിനുകൾ വേണ്ടതെന്നു റെയിൽവേ ബോർഡിൽ ഇരുന്നാൽ തന്നെ മനസ്സിലാക്കാൻ കഴിയും. എന്നാൽ ഇതിന് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. എന്തു ചോദിച്ചാലും കത്തയച്ചിട്ടുണ്ടെന്ന പതിവു മറുപടിയാണു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ നൽകുന്നത്. കത്ത് ചെന്നൈയിലെത്തി അവിടെനിന്നു ഡൽഹിയിലെത്തുമ്പോഴേക്കും കേരളത്തിൽ ഓണം തീരുന്നതാണു പതിവ്.
എല്ലാം കഴിഞ്ഞു സ്പെഷലുകൾ ഓടിക്കുകയും ആളില്ലായിരുന്നുവെന്ന നഷ്ടക്കണക്ക് നിരത്തുകയും ചെയ്യുന്നതോടെ റെയിൽവേയുടെ ജോലി കഴിയുന്നു. നഷ്ടമായിരുന്നതിനാൽ അടുത്തവർഷം ഓടിക്കേണ്ടെന്ന സൗകര്യവുമുണ്ട്. റെയിൽവേ ബോർഡ് നിർദേശിക്കാതെ സ്പെഷൽ ഓടിക്കാൻ കഴിയില്ലെന്നാണു ഡിവിഷൻ അധികൃതർ പറയുന്നത്. റെയിൽവേ മന്ത്രി വഴി ബോർഡിനെ നടപടിയെടുക്കാൻ പ്രേരിപ്പിക്കേണ്ടത് എംപിമാരാണ്. എന്നാൽ ഓണം വന്നതും മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ യാത്രാസൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്നതൊന്നും ജനപ്രതിനിധികൾ അറിഞ്ഞമട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.