ബെംഗളൂരു∙ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള നഴ്സിങ് കോളജുകളുടെ ആദ്യഘട്ട പട്ടിക ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. (www.indiannursingcouncil.org) സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേയ് 16ന് പുറത്തിറക്കിയതോടെയാണ് അംഗീകൃത കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഐഎൻസി വിട്ടുനിന്നത്. ഈ നടപടി കർണാടകയിലെ രണ്ടു ലക്ഷത്തോളം നഴ്സിങ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഐഎൻസി അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ, കർണാടകയ്ക്കു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. ഇതേത്തുർന്നാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ 76 കോളജുകളുടെ പട്ടിക ഐഎൻസി വെബ്സൈറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചതോടെ ഇത്തരം ആശങ്കകൾ നീങ്ങി. രാജ്യമൊട്ടാകെയുള്ള 867 ഐഎൻസി അംഗീകൃത കോളജുകളുടെ ലിസ്റ്റിൽ 240 മുതൽ 316 വരെയുള്ള നഴ്സിങ് സ്ഥാപനങ്ങൾ കർണാടകയിൽ നിന്നുള്ളതാണ്.
സംസ്ഥാനത്തെ 438 നഴ്സിങ് കോളജുകളിൽ, കഴിഞ്ഞ അധ്യയന വർഷം 257 കോളജുകൾക്കാണ് ഐഎൻസി അംഗീകാരമുണ്ടായിരുന്നത്. വിദ്യാർഥികളുടെ തൊഴിലവസരം, ഭാവി പഠനം തുടങ്ങിയുള്ള പലവിധ ചോദ്യങ്ങൾക്ക് മുന്നിൽ കോളജുകൾ ഉത്തരം മുട്ടിനിൽക്കുന്നതിനിടെയാണ് ഐഎൻസി പട്ടിക ആശ്വാസമാകുന്നത്. ഈ പട്ടികയാണ് ഇതരസംസ്ഥാനത്തു നിന്നുള്ള നഴ്സിങ് വിദ്യാർഥികൾ കോളജ് പ്രവേശനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്.
നഴ്സിങ് കോളജുകൾക്ക് അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജൂലൈ 24ന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ആദിചുഞ്ചനഗിരി കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്തിൽ 30 കോളജ് മാനേജ്മെന്റുകളും ഐഎൻസിയും ട്രെയിൻഡ് നഴ്സിങ് അസോസിയേഷനും ഹർജി സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് അംഗീകൃത കോളജുകളുടെ പട്ടിക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സർക്കുലറിന്റെ അടിസ്ഥാനത്തിൽ കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്മെന്റ്സ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് ഇൻസ്റ്റിറ്റ്യൂഷൻസ് നൽകിയ ഹർജിയിൽ, ഐഎൻസി വെബ്സൈറ്റിൽ കോളജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനെ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നു. ഈ ഉത്തരവിനെയാണ് ഡിവിഷൻ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്തത്. അതേ സമയം നഴ്സിങ് കോളജുകൾക്ക് അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്ന ഉത്തരവിന്റെ ആദ്യ ഭാഗത്തിനു സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് തയാറായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.