നാളെ അത്തം;ഓണഘോഷങ്ങള്‍ക്കുള്ള ഒരുക്കം ആരംഭിച്ച് ഉദ്യാനനഗരം.

ബെംഗളൂരു∙ ഓണാഘോഷത്തിനു തുടക്കമിട്ട് നാളെ അത്തം പിറക്കുന്നതോടെ ബെംഗളൂരു മലയാളികൾ മാവേലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനുള്ളവർ ബസിലും ട്രെയിനുമെല്ലാം മാസങ്ങൾക്കു മുൻപേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ഒട്ടേറെപ്പേർ ഉദ്യാനനഗരിയിലെ ഓണമാഘോഷിക്കാനുള്ള തയാറെടുപ്പിലാണ്.

വിവിധ സംഘടനകളുടെ ഓണാഘോഷ ചടങ്ങുകൾ ഈ മാസം ആദ്യംമുതൽ ആരംഭിച്ചെങ്കിലും അത്തപ്പൂക്കള മൽസരവും കായികമൽസരങ്ങളും ഇനിയുള്ള ദിവസങ്ങളിലാണു സജീവമാകുക. വടംവലിയും തലപ്പന്തുകളിയും ഉറിയടിയും തൊട്ട് ഒരു കാലത്തു കേരളത്തിന്റെ ഗ്രാമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കായിക ഇനങ്ങളാണ് ആഘോഷത്തിൽ നിറയുന്നത്. സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിനു പുറമേ അപ്പാർട്മെന്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിലും വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്.

ഓണക്കോടിയും പച്ചക്കറികളുമായി ചന്തകളെത്തും

കേരളീയ വിഭവങ്ങളുമായുള്ള ഓണച്ചന്തകൾ സെപ്റ്റംബർ ആദ്യംമുതൽ പ്രവർത്തനമാരംഭിക്കും. കേരളക്കരയിൽ നിന്നുള്ള പച്ചക്കറികളും പലഹാരങ്ങളും കൈത്തറി വസ്ത്രങ്ങളും ലഭിക്കുന്ന ഓണച്ചന്തകൾ ലാഭത്തെക്കാളുപരി മലയാളികളുടെ കൂട്ടായ്മയുടെ വിജയം കൂടിയാണ് ഓരോ വർഷവും കാണിച്ചുതരുന്നത്. കേരളത്തിൽ നിന്നുള്ള തനതു പച്ചക്കറികളാണ് ഓണച്ചന്തകളിലേക്ക് എത്തുന്നത്. നേന്ത്രപ്പഴവും പച്ചക്കായയും വയനാട്, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ കൃഷിയിടങ്ങളിൽ നിന്നാണു പ്രധാനമായും വരുന്നത്. വിവിധ തരം അച്ചാറുകൾ, വറുത്തുപ്പേരി, ശർക്കര ഉപ്പേരി, ചിപ്സ്, ഉണ്ണിയപ്പം തുടങ്ങിയവ സംഘടനകളുടെ വനിതാ വിഭാഗങ്ങളുടെ നേതൃത്വത്തിലാണു പാകം ചെയ്തു പായ്ക്കിങ് അടയ്ക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്. കൈത്തറി ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകളിൽ കുത്താമ്പുളി, ബലരാമപുരം എന്നിവിടങ്ങളിലെ തറികളിൽ നിന്നുള്ള വസ്ത്രങ്ങളും വിൽപനയ്ക്കുണ്ടാകും. ബെംഗളൂരുവിനു പുറമേ മൈസൂരുവിലും ഓണച്ചന്തകൾ ഒരുക്കിയിട്ടുണ്ട്.

ഡിആർഡിഒ മലയാളം പഠനകേന്ദ്രം ഓണാഘോഷം

ഡിആർഡിഒ മലയാളം പഠനകേന്ദ്രത്തിന്റെ വാർഷികാഘോഷവും ഓണാഘോഷവും കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ അധ്യാപകൻ കെ.ദാമോദരനെ ആദരിച്ചു. ആർ.മുഹമ്മദ്, ദിലീപ്കുമാർ എന്നിവർ നേതൃത്വംനൽകി.

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ 27ന്

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണോൽസവത്തിന്റെ കാൽപനികത എന്ന വിഷയത്തിൽ സെമിനാർ 27നു നാലിനു ഹോളി ക്രോസ് സ്കൂളിൽ നടക്കും. പി.മോഹൻദാസ് ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9964113800.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us