കൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്.

ബെംഗളൂരു ∙ കൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്. മലയാളികൾ ഉൾപ്പെടെ ഐടി മേഖലയിലെ നൂറുകണക്കിനു ജീവനക്കാർ ചേർന്നു രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐപിയു) ആണ് റജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഐടി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒട്ടേറെ സംഘടനകൾ ഉണ്ടെങ്കിലും ഈ മേഖലയിൽ റജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയൻ സംഘടന വിരളമാണ്. കമ്പനികൾക്കു പുറത്തുനിന്നു ട്രേഡ് യൂണിയൻ രൂപീകരിക്കാം സംസ്ഥാന തൊഴിൽ നിയമങ്ങൾ പ്രകാരം ഐടി കമ്പനികൾ കേന്ദ്രീകരിച്ചു തൊഴിലാളി യൂണിയൻ രൂപീകരിക്കുന്നതിനു നിലവിൽ വ്യവസ്ഥയില്ല.

1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് നിയമത്തിൽനിന്ന് ഐടി കമ്പനികളെ 2014ൽ കർണാടക സർക്കാർ അഞ്ചു വർഷത്തേക്ക് ഒഴിവാക്കിയതിനാലാണിത്. അതേസമയം, കമ്പനികൾക്കു പുറത്തുനിന്നു പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഈ നിയമം തടസ്സമാകില്ലെന്നു കെഐപിയു ജനറൽ സെക്രട്ടറി വിനീത് വാക്കിൽ പറഞ്ഞു. ഉടൻതന്നെ ലേബർ കമ്മിഷണറെ സന്ദർശിച്ചു റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കും. മുന്നൂറിലേറെ പേർ പങ്കെടുത്ത യോഗത്തിൽ സിഐടിയു കർണാടക വൈസ് പ്രസിഡന്റ് വി.ജെ.കെ.നായർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്റെ ആദ്യ പൊതുയോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. അമനുള്ളഖാൻ (പ്രസി), വിനീത് വാക്കിൽ (ജന. സെക്ര), വി.ആർ.സന്ദീപ് (ട്രഷ), വസന്ത്‌രാജ് കടേക്കർ, ലെനിൽ ബാബു (വൈസ് പ്രസി), സൂരജ് നിഡിയങ്ക, ഐ.വി.റിജേഷ് (സെക്ര). 21 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.

സമീപകാലത്തു വൻകിട ഐടി കമ്പനികൾ തൊഴിലാളികളെ വ്യക്തമായ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നാണ് ഐടി–ഐടി ഇതര കമ്പനി ജീവനക്കാർ പല അസോസിയേഷനുകളുടെ കുടക്കീഴിലായി അണിനിരന്നത്. തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് അസോസിയേഷനുകൾ സർക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നാൽ മറ്റു മേഖലകളിലേതുപോലെ ട്രേഡ് യൂണിയന്റെ അഭാവം തൊഴിലാളികൾക്കുവേണ്ടി ശക്തമായ ഇടപെടൽ നടത്തുന്നതിനു തടസ്സമായി. രാജ്യത്തു വൻകിട ഐടി കമ്പനികളിൽ ഉൾപ്പെടെ സമീപകാലത്ത് പതിനായിരത്തിലേറെ പേരെ വ്യക്തമായ കാരണങ്ങളിലാതെ പറഞ്ഞുവിട്ടതായി ഐടി ജീവനക്കാർ പറയുന്നു.

ഇതിനു പുറമെ വളരെ കുറഞ്ഞ ശമ്പളത്തിൽ ഒട്ടേറെപ്പേരെ കമ്പനികളിൽ പുതുതായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. സ്ഥിരം ജീവനക്കാരുടെ അതേ ജോലിയാണു വളരെ കുറഞ്ഞ ശമ്പളത്തിൽ ഇവർ ചെയ്യുന്നത്. കമ്പനികൾക്കു തൊഴിലാളികളെ നൽകുന്നതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കൺസൽട്ടിങ് ഏജൻസികളാണ് ഇതിനു പ്രധാന ഉത്തരവാദിയെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. വാഗ്ദാനം നൽകിയതിനെക്കാൾ വളരെ കുറഞ്ഞ ശമ്പളമാണ് ക്യാംപസ് ഇന്റർവ്യൂവിലൂടെയും മറ്റും തിരഞ്ഞെടുക്കുന്നവർക്കു ലഭിക്കുന്നത്. ഇത് ഇവരെയും കമ്പനിയിലെ പരിചയ സമ്പന്നരായ ജോലിക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us