ബെംഗളൂരു :ഇന്ത്യയുടെ നികുതികളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് ജി എസ് ടി എന്ന പേരിൽ ഈ മാസം നിലവിൽ വന്നത്.പല സംസ്ഥാന – കേന്ദ്ര നികുതികളിൽ ഏകദേശം 500 നികുതികളെ ഒന്നാക്കി മാറ്റി എന്നതാണ് ജി എസ് ടി യുടെ പ്രധാന ഗുണം, ഒരേ വസ്തുവിന്റെ മേൽ ഒന്നിലധികം നികുതി വരുന്നത് തടയാനും ജി എസ് ടിക്ക് കഴിയും.മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയുമ്പോൾ വിലയും കുറയണം.
എന്നാൽ ഒരു വിഭാഗം കച്ചവടക്കാർ ഇതിനെയെല്ലാം മുതലെടുത്ത് കൊള്ളലാഭം കൊയ്യാനുള്ള ശ്രമത്തിലാണ്, അതിൽ പ്രധാനം റസ്റ്റോറൻറുകൾ തന്നെ.തങ്ങൾ ഇതുവരെ നൽകിയിരുന്ന സേവനങ്ങളിൽ നിന്നും നടപ്പിലുള്ള കേന്ദ്ര നികുതി, വാറ്റ് തുടങ്ങിയ കുറവ് ചെയ്തതിന് ശേഷമാണ് ജി എസ് ടി ചുമത്തേണ്ടത്, സ്വാഭാവികമായും വില കുറയുകയാണ് ചെയ്യേണ്ടത്. നോൺ എ സി റസ്റ്റോറന്റുകൾക്ക് 12% ഏസി റസ്റ്റോറന്റുകൾക്ക് 18% ആണ് ജി എസ് ടി.എന്നാൽ പല ഭക്ഷണശാലകളും എം ആർ പി യുടെ മുകളിൽ ആണ് ജി എസ് ടി ചേർക്കുന്നത് അത് നിയമ വിരുദ്ധമാണ്.
മറ്റൊരു തട്ടിപ്പ് ജി എസ് ടി നമ്പറില്ലാത്ത ബില്ലുകൾ നൽകിക്കൊണ്ടുള്ളതാണ്, ഓരോ സ്ഥാപനവും ജി എസ് ടി യിൽ റജിസ്റ്റർ ചെയ്ത് ജി എസ് ടി നമ്പർ നേടിയിരിക്കണം, അത് ബില്ലിൽ കാണത്തക്ക വിധത്തിൽ അച്ചടിക്കുകയും വേണം. ഇത്തരത്തിലുള്ള ഒരു തട്ടിപ്പു കൂടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.ഇവിടെ മലയാളിയെ കൊള്ളയടിക്കുന്നത് കേരള റസ്റ്റോറന്റ് തന്നെ.
ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രിയിലുള്ള, ഉത്തരകേരളത്തിലെ ബിരിയാണിക്ക് പ്രസിദ്ധമായ ഒരു സ്ഥലപ്പേരുള്ള റസ്റ്റോറന്റിൽ ആണ് സംഭവം.140 രൂപ വീതം വിലയുള്ള രണ്ട് ബിരിയാണിയും 50 രൂപ വീതം വിലയുള്ള രണ്ട്മിന്റ് ലൈം ജൂസും കഴിച്ച യുവാവിന് കിട്ടിയ ബില്ലിൽ 34 രൂപ വച്ച് സെൻട്രൽ ജി എസ് ടി യും സ്റ്റേറ്റ് ജി എസ് ടി യും അടയാളപ്പെടുത്തിയിട്ടുണ്ട് എന്നാൽ ബില്ലിലെവിടേയും ജി എസ് ടി റജിസ്റ്റർ നമ്പർ ഇല്ല, അതിനർത്ഥം ഉപഭോക്താക്കളിൽ നിന്ന് ജി എസ് ടി എന്ന പേരിൽ എടുക്കുന്ന കാശ് സർക്കാറിന് ലഭിക്കില്ല എന്നർത്ഥം.ജി എസ് ടി വരുന്നതിന് മുൻപ് ഇവരുടെ ഭക്ഷ്യസാധനങ്ങളുടെ മേലുള്ള എം ആർ പി എത്രയാണ് എന്നറിയാത്തതിനാൽ ആ ചോദ്യം ഉന്നയിക്കാൻ നിർവ്വാഹമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.