നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടു.നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പോലീസ് തിരച്ചില്‍ തുടരുകയാണ്.
മൂന്നു പേര്‍ക്ക് വെടിയേറ്റതായും ഇതില്‍ മാവോവാദി കമാന്‍ഡറായ ഒരാളുടെ മരണം സ്ഥിരീകരിച്ചതായും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ സജി അറിയിച്ചു.എന്നാല്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നല്‍കുന്ന വിവരം. മാവോവാദി നേതാവ് ആന്ധ്രാ സ്വദേശി കുപ്പു ദേവരാജ്, അജിത എന്നിവരാണ് മരിച്ചവരില്‍ രണ്ടുപേര്‍ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ തിരിച്ചറിയാനുണ്ട്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവാണ് ദേവരാജ്.
ഏറ്റുമുട്ടല്‍ പടുക്ക സ്റ്റേഷനില്‍ നിന്ന് മുന്നു കിലോമീറ്റര്‍ അകലെയായിരുന്നു.
മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തണ്ടര്‍ബോള്‍ട്ടും മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവുമടങ്ങുന്ന 60 അംഗ സംഘം വനമേഖലയില്‍ പരിശോധനയ്ക്ക് പോയത്. 11 പേരടങ്ങുന്നതായിരുന്നു മാവോവാദി സംഘം.
പോലീസിന്റെ പട്രോളിങ്ങിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെത്തുടര്‍ന്ന് സൈലന്റ് വാലി പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഏറ്റുമുട്ടലിലൂടെ മാവോവാദികൾ കൊല്ലപ്പെടുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.