കണ്ണൂര് : തലശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിനെ വധിച്ചത് താനുൾപ്പെട്ട സംഘമാണെന്ന മൊഴി, പൊലീസ് മൂന്നാംമുറ ഉപയോഗിച്ച് പറയിപ്പിച്ചതാണെന്ന് ജയിലിലുള്ള ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ് പറഞ്ഞതായി മറുനാടന് മലയാളി റിപ്പോര്ട്ട് ചെയ്യുന്നു.
ഈ മാസം പതിനേഴിന് രാത്രി കസ്റ്റഡിയിലെടുത്ത് നേരെ കൊണ്ടുപോയത് അഴീക്കൽ ഭാഗത്തെ ഏതോ പൊലീസ് സ്റ്റേഷനിലേക്കാണ്. അവിടെ കൊണ്ടുപോയ തന്നെ തലകീഴായി കെട്ടിത്തൂക്കി മുഖത്ത് നിരന്തരമായി ഉപ്പുവെള്ളമൊഴിച്ചു. കണ്ണൂർ ഡിവൈ. എസ്. പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മൂന്നാം മുറ പ്രയോഗത്തോടെ അബോധാവസ്ഥയിലായ തനിക്ക് പിറ്റെദിവസമാണ് ബോധം വീണത്. പിന്നീട് പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധന നടത്തിയതിനു ശേഷം തലശ്ശേരി ഭാഗത്തെ ഏതോ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി ഇന്നലെ വൈകിട്ടോടെ സുബീഷിനെ കാണാനെത്തിയ ആർ.എസ്.എസ് കണ്ണൂർ ജില്ലാ നേതാക്കളോട് ഇയാൾ പറഞ്ഞു.
വെള്ളിയാഴ്ച തലശ്ശേരിയിൽ വച്ച് ഡിവൈ.എസ്പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്തിലായിരുന്നു മൂന്നാംമുറ. ഇവിടെ വച്ച് കാൽ ഇരുവശത്തേക്കും അകത്തിവച്ച് കാലിന്റെ മുകളിൽ പ്രിൻസ് അബ്രഹാം സ്റ്റൂള് വച്ച് അമർത്തി. ഭക്ഷണം തരാതെ ഒന്നരദിവസത്തോളം പീഡിപ്പിച്ചു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോൾ ഉപ്പുവെള്ളം നൽകി. കാലിനടിയിൽ ഇരുമ്പുദണ്ഡ് വച്ചും ലാത്തിവച്ചും പൊലീസുകാർ മാറിമാറി മർദ്ദിച്ചു. അബോധാവസ്ഥയിൽ ഉറങ്ങിപ്പോയപ്പോൾ കണ്ണിൽ ശക്തമായി വെളിച്ചമടിച്ച് മണിക്കൂറുകളോളം കാഴ്ചയില്ലാത്ത അവസ്ഥയിലാക്കി. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ അനുവദിക്കാതെ, ഇടവിട്ട് ദേഹത്ത് വെള്ളം ഒഴിച്ചു. ദീർഘനേരം ബോധം കെട്ടതോടെ ശനിയാഴ്ച ഉച്ചയോടെയാണ് മർദ്ദനത്തിനും പീഡനങ്ങൾക്കും അൽപം ശമനം വന്നതെന്നും സുബീഷ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടോടെയാണ് അജ്ഞാതകേന്ദ്രത്തിൽ വച്ച് മൊഴി ചിത്രീകരിച്ചത്. എഴുതി തയ്യാറാക്കിയ നോട്ട് ബുക്ക് തറയിൽ വച്ചിരുന്നു. അതിലെ വാക്കുകൾ ക്യാമറയ്ക്ക് മുന്നിൽ വായിച്ചില്ലെങ്കിൽ നിന്റെ വീട്ടുകാരെപ്പോലും വെറുതെ വിടില്ലെന്നും, അവരെല്ലാം പൊലീസ് കസ്റ്റഡിയിലാണെന്നും പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് പറഞ്ഞ് പഠിപ്പിച്ചതെല്ലാം ക്യാമറയ്ക്ക മുന്നിൽ അതുപോലെ പറഞ്ഞത്. മൊഴി ചിത്രീകരിക്കുബോൾ ജനലിന് പുറകിലായി പ്രിൻസ് അബ്രഹാം നിൽപ്പുണ്ടായിരുന്നു. അദ്ദേഹമാണ് തന്നെ മർദ്ദിച്ച് കാരായിമാർക്ക് അനുകൂലമായി പറയിപ്പിച്ചത്.
മൊഴി കൊടുത്തതിന് ശേഷമാണ് ഭക്ഷണം സാധാരണ നിലയിൽ നൽകിയത്. കഴിഞ്ഞ അഞ്ചു വർഷം നീയൊക്കെ കളിച്ച കളിയില്ലേ, അത് ഇനി നടക്കില്ല, നിന്റെയൊന്നും വീട്ടിലെ ഒന്നിനേയും നേരാംവണ്ണം ഉറങ്ങാൻ സമ്മതിക്കില്ലെന്നും പ്രിൻസ് അബ്രഹാം ഭീഷണിപ്പെടുത്തിയതായി സുബീഷ് നേതാക്കളോട് വ്യക്തമാക്കി. തുടർന്ന് രാത്രി ഒമ്പതരയോടെയാണ് സുബീഷ്നെ മട്ടന്നൂർ മജിസ്ട്രേറ്റിന്റെ വസതിയിൽ എത്തിച്ചത്. സുബീഷ്ൽ നിന്നെടുത്ത മൊഴിയും മജിസ്ട്രേറ്റിന് മുമ്പിൽ ഉദ്യോഗസ്ഥർ ഹാജരാക്കിയിരുന്നു.
പതിനേഴാം തീയതിയാണ് വടകര- മൂരാട് പാലത്തിനടുത്ത് വച്ച് രാത്രിയിൽ സുഭീഷിനെ പിടികൂടുന്നത്. കഴിഞ്ഞ മാസം 10- തിയതി സിപിഐ(എം) പടുവിലായി ലോക്കൽ കമ്മിറ്റി അംഗം മോഹനൻ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യാനാണ് സുബീഷ്നെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുബീഷ്നെതിരെ മൂന്നാം ഉപയോഗിച്ച സംഭവത്തിലും, കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്തതിലും പരാതി നൽകാനൊരുങ്ങുകയാണ് ആർ.എസ്.എസ് നേതൃത്വം.
മൂന്നാംമുറ ഉപയോഗിച്ചതിനെതിരെ തലശ്ശേരി, കണ്ണൂർ ഡിവൈഎസ്പി മാരായ പ്രിൻസ് അബ്രഹാം, സദാനന്ദൻ എന്നിവർക്കെതിരെ പൊലീസ് കമ്പ്ളെയിന്റ് അഥോറിറ്റിയിൽ പരാതി നൽകുമെന്ന് ആർ.എസ്.എസ് കണ്ണൂർ ജില്ലാ കാര്യവാഹക് പ്രമോദ് പറഞ്ഞു. മൂന്നാം മുറയിലൂടെ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമത്തിനെതിരെ സിബിഐയ്ക്കും പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. ഫസൽ വധത്തോടെ തലശ്ശേരി മേഖലയിൽ മുസ്ലിം ജനവിഭാഗത്തിനിടയിൽ സിപിഎമ്മിന് സ്വാധീനം കുറഞ്ഞിരുന്നു. സ്വാധീനം തിരിച്ചു പിടിക്കുന്നതിനുള്ള കുതന്ത്രമാണ് ഏതാനും ഉദ്യോഗസ്ഥരെ വച്ച് പി ജയരാജന്റെ നിർദ്ദേശപ്രകാരം സിപിഐ(എം) നടത്തുന്നതെന്നും പ്രമോദ് കുറ്റപ്പെടുത്തി.
വി എസ് സർക്കാരിന്റെ കാലത്ത് 2006 ഒക്ടോബർ 22 ന് പുലർച്ചെയാണ് പത്രവിതരണം നടത്തുകയായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. സംഭവം ആർ.എസ്.എസിന്റെ തലയിൽ വച്ചുകെട്ടി സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ കാരായി രാജനും ചന്ദ്രശേഖരനും ശ്രമിച്ചതായി അന്ന് ആരോപണം ഉയർന്നിരുന്നു. ഈ കാലത്ത് തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവിങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുൾപ്പടെ എട്ട് സിപിഐ(എം) പ്രവർത്തകരെയാണ് ഫസൽ വധക്കേസിൽ സിബിഐ പ്രതിചേർത്തത്. കേസിൽ ഏഴും എട്ടും പ്രതികളാണ് നേതാക്കൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.