കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെ‍ഡ്ഡി മകളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു.

ബംഗലൂരു: 500 കോടി രൂപയിലധികം ചെലവഴിച്ച് കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെ‍ഡ്ഡി മകളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നു. ആഡംബര വിവാഹത്തിനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ചും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നുമാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ബംഗലൂരുവിലെ അഭിഭാഷകനായ ടി നരസിംഹ മൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പിന്റെ അന്വേഷണം. ഇത്രയും ആഡംബരത്തോടെ വിവാഹം നടത്താനുള്ള പണത്തിന്റെ ഉറവിടം എന്താണെന്നും വന്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നരസിംഹ മൂര്‍ത്തി ആദായനികുതി വകുപ്പിന് നല്‍കിയ നാലു പേജുള്ള  പരാതിയില്‍ പറയുന്നു.

അതേസമയം, ആഡംബര വിവാഹത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നുണ്ടെങ്കിലും മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കല്യാണത്തിനെത്തിനെത്തി. പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറും ജെഡിഎസ് നേതാക്കളും വിവാഹസൽക്കാരത്തിനെത്തിയിരുന്നു.

ബംഗലൂരു പാലസ് ഗ്രൗണ്ടിൽ 150 കോടി രൂപ മുടക്കി പണിത വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരം മാതൃകയിലുള്ള പന്തലിലാണ് കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടേയും ഹൈദരാബാദ് വ്യവസായി രാജീവ് റെഡ്ഡിയുടേയും വിവാഹം നടന്നത്.

ചടങ്ങിൽ ബ്രാഹ്മണി അണിഞ്ഞത് പതിനേഴ് കോടി രൂപയുടെയും പട്ട് സാരിയും തൊണ്ണൂറ് കോടി രൂപയുടെ ആഭരണങ്ങളുമാണെന്നാണ് റിപ്പോർട്ട്. വിവിഐപികൾക്ക് എത്തുന്നതിനായി പ്രത്യേക ഹെലിപാഡുകളും പാലസ് ഗ്രൗണ്ടിനടുത്ത് സജ്ജമായിരുന്നു. കള്ളപ്പണത്തെ നേരിടാനായി നോട്ട് നിരോധനം കൊണ്ടുവന്ന കേന്ദ്രസർക്കാർ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്ന റെഡ്ഡിയുടെ കോടികൾ പൊടിച്ചുള്ള വിവാഹ മാമാങ്കം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അനധികൃത ഖനന കേസിൽ അറസ്റ്റിലായ റെഡ്ഡി നാൽപത് മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us