ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നയമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ തന്നെ നിലവിലെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കണമെന്നും സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഭണഘടനാ ബെഞ്ചിനു വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി.
കേസ് ഇനി പരിഗണിക്കുന്ന സമയത്ത് ഭരണഘടനാപരമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണഘടനാ ബെഞ്ചിനു വിടുന്ന കാര്യം അപ്പോള്‍ പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസ് 2017 ഫെബ്രുവരി 20ലേക്ക് മാറ്റി.