ബെംഗളൂരു: സിദ്ധരാമയ്യ സർക്കാറിന്റെ സ്വപ്ന പദ്ധതിയായ ബസവേശ്വര സർക്കിൾ – ഹെബ്ലാൾ ഉരുക്കു മേൽപ്പാല നിർമ്മാണത്തിന് ചെന്നൈ ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ. 812 മരങ്ങൾ മുറിച്ച് 6.7 കിലോ മീറ്റർ ദൂരത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിനെതിരെ സിറ്റിസൺ ആക്ഷൻ ഫോറം പ്രതിനിധികൾ സമർപ്പിച്ച ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ ബെഞ്ചിന്റെ ഈ നടപടി.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയെ സമീപിച്ച് വ്യക്തമായ ഒരു പഠന വിവരം ആവശ്യപ്പെടാൻ ബെംഗളൂരു വികസന അതോറിറ്റിയോടും സംസ്ഥാന മലനീകരണ നിയന്ത്രണ ബോർഡിനോടും ബെഞ്ച് ആവശ്യപ്പെട്ടു. നവംബർ 25 ന് ഈ വിഷയം വീണ്ടും പരിഗണിക്കും.
1791 കോടി രൂപ ചെലവിട്ട് ഇങ്ങനെ ഒരു പദ്ധതിയുടെ ആവശ്യമില്ല എന്നാണ് സിഎഎഫ് ( സിറ്റിസൺ ഫോർ ആക്ഷൻ) അവകാശപ്പെടുന്നത്, കെംപ ഗൗഡ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു ചെറിയ വിഭാഗം ആളുകൾക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവഴിക്കുന്നത്.
പാരിസ്ഥിതിക വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് കൂടി അഭിപ്രായം പറയാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് എന്ന് രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു, ജനം പരക്കെ എതിർക്കുമ്പോഴും അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന്റെ ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജന താൽപര്യത്തേക്കാൾ ചില സ്ഥാപിത താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ട ജോലിയാണ് ജുഡീഷ്യറി ചെയ്യുന്നത്.
ഈ പദ്ധതിക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ല എന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനേറ്റ തിരിച്ച ടിയാണ് ഈ ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേ. അതേ സമയം നിർമ്മാണ അനുമതിക്ക് ഉള്ള സ്റ്റേ നീക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായി മന്ത്രി കെ.ജെ.ജോർജ്ജ് അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.