ക്വാന്റന്‍: അതിര്‍ത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായിരിക്കെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടി. ആവേശകരമായ കിരീടപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. ആദ്യ മൂന്ന് ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ 2-2 സമനിലയിലായിരുന്ന മത്സരത്തില്‍ നാലാം ക്വാര്‍ട്ടറില്‍ നിക്കിന്‍ തിമ്മയ്യ നേടിയ ഉജ്ജ്വല ഫീല്‍ഡ് ഗോളാണ് ഇന്ത്യയ്ക്ക് കീരിടമുറപ്പിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്.
പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് ഗോളിലേക്ക് ആദ്യം നിറയൊഴിച്ചത്. ടൂര്‍ണമെന്റിന്റെ ഇന്ത്യയുടെ ഗോളടി യന്ത്രമായ രൂപീന്ദര്‍പാല്‍ സിംഗായിരുന്നു സ്കോറര്‍. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍.
21 മിനിട്ടില്‍ നിക്കിന്‍ തിമ്മയ്യയിലൂടെ ഇന്ത്യ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം കൊണ്ട് വഴിമാറി. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഗോളിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. സര്‍ദാര്‍ സിംഗ് മധ്യനിരയില്‍ നിന്ന് നീട്ടിക്കൊടുത്ത പാസില്‍ അഫാന്‍ യൂസഫിന്റെ അത്യുജ്ജ്വല ഗോള്‍.
രണ്ടു ഗോള്‍ ലീഡില്‍ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യയെ ഞെട്ടിച്ച് പാക്കിസ്ഥാന്‍ 26 മിനിട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഒരു ഗോള്‍ മടക്കി. അലീം ബീലാലിന്റെ ഫ്ലിക്ക് ശ്രീജേഷിന്റെ പകരക്കാരന്‍ ആകാശിനെ കീഴടക്കി ഇന്ത്യന്‍ പോസ്റ്റിലെത്തി. ഗോള്‍ മടക്കിയ ആവേശത്തില്‍ മൂന്നാം ക്വാര്‍ട്ടറിലും ആക്രമിച്ച് കളിച്ച പാക്കിസ്ഥാന് അതിന്റെ ഫലം കിട്ടി. ഇന്ത്യയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് അലി ഷാന്‍ പാക്കിസ്ഥാനെ ഒപ്പമെത്തിച്ചു.(2-2)
സമനില ഗോള്‍ വീണതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിക്കുകയാണ് ചെയ്തത്. ഏതു നിമിഷവും ഇന്ത്യ ലീഡ് നേടാമെന്ന് തോന്നിച്ച നിമിഷങ്ങള്‍. ഇന്ത്യയുടെ സമ്മര്‍ദ്ദത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധം ആടിയുലഞ്ഞു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിട്ടില്‍ ഇന്ത്യ വീണ്ടും പാക് പോസ്റ്റില്‍ പന്തെത്തിച്ചങ്കിലും റഫറി ഗോള്‍ ആനുവദിച്ചില്ല.
കളി തീരാന്‍ 10 മിനിട്ട് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ യഥാര്‍ഥ സ്ട്രൈക്ക് വന്നത്. ജസിത്ത് ഉയര്‍ത്തിവിട്ട പന്ത് പിടിച്ചെടുത്ത രമണ്‍ദീപ് അത് നിക്കിന്‍ തിമ്മയ്യയ്ക്ക് മറിച്ചു നല്‍കി. നേരത്തെ വരുത്തിയ പിഴവിന് കണക്കുതീര്‍ത്ത് തിമ്മയ്യ പന്ത് മനോഹരമായി പാക്കിസ്ഥാന്‍ പോസ്റ്റിലെത്തിച്ചു. ലീഡില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ ഇന്ത്യ ആക്രമണം തുടര്‍ന്നതോടെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ കളി തീരാന്‍ നാലു മിനിട്ട് മാത്രം ശേഷിക്കെ പാക്കിസ്ഥാനെ പെനല്‍റ്റി കോര്‍ണൻര്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്കായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.