നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന.വിവാദം കൂടുതല്‍ രൂക്ഷമാവുകയും വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിക്കാന്‍ സാധ്യതയുള്ളതായും കാണുന്ന സാഹചര്യത്തിലാണ് ജയരാജന്റെ തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം വിശദമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്.
പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ പങ്കെടുത്തിരുന്നു. രാജി സന്നദ്ധത അറിയിച്ച കാര്യം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് സൂചന.