ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാണോ അല്ലയോ എന്ന വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി കര്‍ണാടകയിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്.
ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്‍റെയും അല്ലെന്നുള്ള കന്നട നടന്‍ കിച്ച സുദീപിന്‍റെയും വാദങ്ങളാണ് ചര്‍ച്ചയാവുന്നത്. അജയ് ദേവ്ഗണിന്‍റെ ട്വീറ്റിനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ദേശീയ ഭാഷയായി ഉയര്‍ത്തിക്കാണിക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് കര്‍ണാടകയിലെ പ്രതിഷേധം. കന്നട ചിത്രം ‘കെ.ജി.എഫ് രണ്ട് ‘ പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം തന്നെ 50 കോടി നേടിയതിന് പിറകെ ആരംഭിച്ച തര്‍ക്കമാണിപ്പോള്‍ ഹിന്ദി വിവാദത്തിലെത്തിയത്. കെ.ജി.എഫിലൂടെ കന്നടയില്‍നിന്ന് ഒരു പാന്‍-ഇന്ത്യ സിനിമ ഉണ്ടായിരിക്കുകയാണെന്നും ഹിന്ദി ഇനി ഒരിക്കലും ഒരു ദേശീയ ഭാഷയാവില്ലെന്നും എല്ലായിടത്തും കാണിക്കാവുന്ന സിനിമകളാണ് നമ്മള്‍ നിര്‍മിക്കുന്നതെന്നുമായിരുന്നു കിച്ച സുദീപിന്‍റെ പ്രസ്താവന.
ഇതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെന്തിനാണ് മറ്റു ഭാഷ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് കാണിക്കുന്നതെന്നും ഹിന്ദി ദേശീയ ഭാഷയാണെന്നും അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, താന്‍ പറഞ്ഞത് ഹിന്ദിയെക്കുറിച്ച് അല്ലെന്നും ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ നടത്തിയ ട്വീറ്റിന് കന്നടയില്‍ മറുപടി നല്‍കിയിരുന്നെങ്കില്‍ അത് മനസ്സിലാകുമോയെന്നും കിച്ച സുദീപ് ട്വീറ്റ് ചെയ്തു .ഇതോടെ പ്രശ്നം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ എല്ലാ സിനിമകളും ഒരുപോലെയാണ് കാണുന്നതെന്നും പറഞ്ഞുകൊണ്ട് അജയ് ദേവ്ഗണ്‍ വിവാദം അവസാനിപ്പിച്ചു. സുദീപ് പറഞ്ഞത് ശരിയാണെന്നും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചപ്പോള്‍ മാതൃഭാഷയോ പ്രാദേശിക ഭാഷയോ ആണ് എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും വലുതെന്നും എല്ലാവരും അത് മനസ്സിലാക്കി ബഹുമാനിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഹിന്ദി ഒരിക്കലും ദേശീയ ഭാഷ ആയിരുന്നില്ലെന്നും ഇനിയൊരിക്കലും അങ്ങനെ ആകില്ലെന്നും രാജ്യത്തെ ഭാഷാപരമായ വൈവിധ്യം എല്ലാവരും ബഹുമാനിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്. കന്നട, തെലുഗു, തമിഴ്, മലയാളം, മറാത്തി എന്നിവ പോലെ ഹിന്ദിയും ഒരു ഭാഷയാണെന്നും നിരവധി ഭാഷകളും സംസ്കാരവുമുള്ള ഇന്ത്യയെ ഇത്തരം നീക്കത്തിലൂടെ വേര്‍തിരിക്കരുതെന്നും എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.