ബെംഗളൂരു∙ പുതിയ ടാബ്ലോയിഡിന് ഗൗരി ലങ്കേഷിന്റെ പേര് നൽകുന്നതു സംബന്ധിച്ച് കുടുംബാംഗങ്ങൾ രണ്ടു തട്ടിൽ. ഗൗരി ലങ്കേഷിന്റെ പേര് ഉപയോഗിക്കുന്നതിനെ സഹോദരി കവിതാ ലങ്കേഷ് പിന്തുണയ്ക്കുകയാണ്. എന്നാൽ, ഗൗരിയുടെ പേര് ഉപയോഗിക്കരുതെന്നാണ് അമ്മ ഇന്ദിരാ ലങ്കേഷിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് നൽകിയ അപേക്ഷയിൽ പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു.
അമ്മ ഇന്ദിരയുടെ നടപടിയെ എതിർത്ത കവിത, ടാബ്ലോയിഡിനു വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷ് പത്രികെയിലെ ചന്ദ്രെഗൗഡയും മറ്റു ജീവനക്കാരും ചേർന്ന് ‘നാനു ഗൗരി’ എന്ന പുതിയ ടാബ്ലോയ്ഡ് തുടങ്ങാനിരിക്കെയാണിത്. ഗൗരി ലങ്കേഷ് പത്രികെയുടെ നിലപാടുകൾ പിന്തുടർന്ന് ഇടതു പുരോഗമന ആശയം പ്രചരിപ്പിക്കുകയാണ് ‘നാനു ഗൗരി’യുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കിയിരുന്നു.ടാബ്ലോയിഡിനൊപ്പം ഗൗരിയുടെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് മാധ്യമ അവാർഡുകൾ നൽകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ട്രസ്റ്റ് രൂപീകരിക്കുന്നതിനെ പക്ഷേ ഇന്ദിര കോടതിയിൽ എതിർത്തില്ല.