ബെംഗളൂരു∙ ഉദ്യാന നഗരിയിലെ മലയാളികൾക്കു കേരളീയ കലകളെയും സാഹിത്യരചനകളെയും നേരിട്ടു പരിയപ്പെടാൻ അവസരമൊരുക്കിയുള്ള ദക്ഷിണ മേഖലാ സാംസ്കാരികോൽസവത്തിനു തുടക്കമായി. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്കാരിക വകുപ്പ്, മലയാളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു ബെംഗളൂരു രവീന്ദ്ര കലാക്ഷേത്രയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരികോൽസവം ആരംഭിച്ചത്. മനുഷ്യമനസ്സിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ കൂട്ടായ്മകൾക്കു കഴിയുമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
മറുനാട്ടിലെ മലയാളികൾക്കു കേരളത്തെ അടുത്തറിയാനും പഴയകാല ഓർമകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇത്തരം കൂട്ടായ്മകൾ ഒരുക്കുന്നത്. മറുനാട്ടുകാർക്കു മലയാളികളുടെ കലകളെയും സാഹിത്യത്തെയും നേരിട്ടറിയാൻ ഇതിലൂടെ സാധിക്കുമെന്നും കടന്നപ്പള്ളി പറഞ്ഞു. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ വി.കെ.പ്രകാശ് അധ്യക്ഷത വഹിച്ചു. കന്നഡ സാഹിത്യകാരൻ ഡോ.എം.എസ്.സത്യു, അഡ്വ.സി.പി.പ്രമോദ്, മലയാളം മിഷൻ ഡയറക്ടർ ഡോ.സുജ സൂസൻ ജോർജ്, കൺവീനർ പി.അനിൽകൃഷ്ണൻ, സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
പഴയകാല നാടക ഗാനങ്ങൾ കോർത്തിണക്കിയ പാട്ടോർമ സംഗീതവിരുന്നും ആസ്വാദകർക്കു നവ്യാനുഭവമായി. ബഹുസ്വര സംസ്കാരത്തെ തകർക്കാൻ ആസൂത്രിത ശ്രമം: സച്ചിദാനന്ദൻ രാജ്യത്തിന്റെ ബഹുസ്വര സംസ്കാരത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നു കവി കെ.സച്ചിദാനന്ദൻ. സങ്കുചിതമായ ചിന്തകൾ കൊണ്ടു ദേശീയതയെ അടിയറവു പറയിക്കാനുള്ള ശ്രമങ്ങളാണ് എവിടെയും. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവർക്ക് ഇതിനെ അംഗീകരിക്കാൻ കഴിയില്ല. സ്വന്തം വിശ്വാസം അടിയറ വയ്ക്കാൻ തയാറാകാത്തവരെയാണു നീചമായ രീതിയിൽ ഇല്ലാതാക്കുന്നത്.
കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള ദക്ഷിണമേഖലാ സാംസ്കാരികോൽസവത്തിലെ സാംസ്കാരിക സദസ്സിൽ ‘സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സച്ചിദാനന്ദൻ. കന്നഡ സാഹിത്യകാരൻ ബരഗൂരു രാമചന്ദ്രപ്പ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എഴുത്തുകാരായ കെ.ജി.ശങ്കരപ്പിള്ള, കെ.പി.മോഹനൻ, വി.മധുസുദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, പി.എൻ.ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കളിത്തട്ടിൽ തകർത്ത് കുട്ടികൾ മലയാള ഭാഷയെ അടുത്തറിയാനുള്ള വേദിയായ കളിത്തട്ടിൽ വിരിഞ്ഞത് കുട്ടികളുടെ വിവിധ തരം അഭിരുചികൾ.
മറുനാട്ടിലാണെങ്കിലും മാതൃഭാഷയെ നെഞ്ചോടുചേർക്കാനുള്ള പുതുതലമുറയുടെ ആവേശമാണു കഥയായും കവിതയായും നാടൻപാട്ടായും കളിത്തട്ടു വേദിയിൽ നിറഞ്ഞുനിന്നത്. മലയാളം മിഷൻ ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ സാംസ്കാരികോൽസവത്തോട് അനുബന്ധിച്ചു നടത്തിയ കളിത്തട്ടിൽ അൻപതിലധികം കുട്ടികളാണു പരിപാടികൾ അവതരിപ്പിച്ചത്. മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ, എ.ജെ.ടോമി, പി.എം.നാരായണൻ, ജി.ആർ.അശ്വതി, കെ.പി.റോമില, ജനാത്തുൽ ഫിർദൗസ്, അദ്വൈത് സജിത്ത്, സ്നേഹ എന്നിവർ നേതൃത്വംനൽകി.
നാടകമൽസരം ഇന്ന് സാംസ്കാരികോൽസവത്തിന്റെ സമാപനദിനമായ ഇന്നു സൗത്ത് സോൺ അമച്വർ നാടക മൽസരം രാവിലെ പത്തിനു രവീന്ദ്ര കലാക്ഷേത്രയിൽ ആരംഭിക്കും. മൽസരവിഭാഗത്തിൽ അഞ്ചു നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. ആത്മം (അവതരണം-മദ്രാസ് കേരള സമാജം, ചെന്നൈ), നമുക്കിനിയും നടക്കാം (മരിയൻ കലാവേദി, ബെംഗളൂരു), പറയാത്ത വാക്കുകൾ (ജ്വാല കൾച്ചറൽ സെന്റർ, ബെംഗളൂരു) ഒരു വാലന്റൈൻ ഡേയുടെ ഓർമയ്ക്ക് (ദ് മകരൂബ്, ചെന്നൈ), വവ്വാലുകളുടെ നൃത്തം (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, ഹൈദരാബാദ്) എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.