കർണാടകയിൽ ഉറവിടമറിയാത്ത ഒമിക്രോൺ കേസുകൾ ഉയർന്നു വരുന്നു.

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് ഒമിക്‌റോൺ കേസുകൾ കൂടി കണ്ടെത്തിയതോടെ പുതിയ കോവിഡ് -19 വേരിയന്റ് മൂലമുണ്ടാകുന്ന അണുബാധകളുടെ ആകെ എണ്ണം 19 ആയി ഉയർന്നതായും ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി, മംഗലാപുരം ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ തിങ്കളാഴ്ച പറഞ്ഞു.

പുതിയ രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, യാത്രാ ചരിത്രമില്ലാത്ത ഹോസ്റ്റൽ വിദ്യാർത്ഥികളിൽ പുതിയ വേരിയന്റ് കണ്ടെത്തിയതിനാൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലാണ്. ഇതുവരെ 49 സാമ്പിളുകളാണ് ജീനോമിക് സീക്വൻസിംഗ് ടെസ്റ്റിനായി അയച്ചിട്ടുള്ളത്, അവയുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.

സംസ്ഥാന സർവൈലൻസ് യൂണിറ്റ് കമ്മീഷണറേറ്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ അറിയിച്ചതനുസരിച്ച്, ധാർവാഡിൽ നിന്നുള്ള 54 വയസ്സുള്ള പൂർണ്ണ വാക്സിനേഷൻ എടുത്ത ഒരു പുരുഷരോഗിക്ക്  ഒമിക്‌റോൺ പോസിറ്റീവ് ആയി. ഇയാളുടെ യാത്രാ ചരിത്രവും അന്താരാഷ്ട്ര യാത്രക്കാരുമായുള്ള സമ്പർക്കവും പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഡിസംബർ 4 ന് ധാർവാഡിലെ ഡിംഹാൻസിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സാമ്പിൾ ശേഖരിച്ചത്. നിലവിൽ ആരോഗ്യവാനായ അദ്ദേഹം ഹോം ഐസൊലേഷനിലാണ്. അദ്ദേഹത്തിന്റെ നാല് പ്രാഥമിക കോൺടാക്റ്റുകളും 133 സെക്കൻഡറി കോൺടാക്റ്റുകളും ട്രാക്ക് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്തതിൽ അവരുടെ എല്ലാം ഫലം നെഗറ്റീവായിരുന്നു.

മറ്റൊരു 20 കാരിയായ ഒമിക്‌റോൺ പോസിറ്റീവായ യുവതിയുടെ യാത്രാ ചരിത്രവും അന്താരാഷ്ട്ര യാത്രക്കാരുമായുള്ള സമ്പർക്കവും പരിശോധിച്ചുവരികയാണ്. ശിവമോഗ ജില്ലയിലെ ഒരു കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയിൽ നിന്ന് ഡിസംബർ 4 നാണു സാമ്പിളുകൾ ശേഖരിച്ചതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ കോൺടാക്റ്റുകളിൽ നിന്നു 218 പേരെ പരിശോധിച്ചു, അവരിൽ 27 പേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. തുടർന്ന് എല്ലാ സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി (WGS) അയച്ചിട്ടുണ്ട്.

പുതിയ വേരിയന്റ പോസിറ്റീവ് ആയ 73 വയസ്സുള്ള ഒരാളുടെയും 82 വയസ്സുള്ള ഒരാളുടെയും യാത്രാ ചരിത്രവും അന്താരാഷ്ട്ര യാത്രക്കാരുമായുള്ള സമ്പർക്കവും പരിശോധിച്ചുവരികയാണ്. ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇവരുടെ സാമ്പിളുകൾ ശേഖരിച്ചത്. നിലവിൽ ഇവർക്ക് കോവിഡ്-19 ലക്ഷണങ്ങളില്ല.  അവരുടെ കുടുംബത്തിലെ 11 വയസ്സുള്ള ഏറ്റവും ഇളയ അംഗത്തിനും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട് .

മംഗളൂരുവിൽ നിന്നുള്ള 19 കാരനായ ഒമിക്‌റോൺ പോസിറ്റീവ് കോളേജ് വിദ്യാർത്ഥിയുടെ 42 പ്രാഥമിക കോൺടാക്റ്റുകളും 293 സെക്കൻഡറി കോൺടാക്റ്റുകളും പരിശോധിച്ചു. അവരുടെ സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us