ബെംഗളൂരു ∙ ഗൗരി ലങ്കേഷ് വധത്തിന്റെ തുമ്പു തേടി നക്സൽ കേന്ദ്രങ്ങളിൽ നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉപേക്ഷിക്കുന്നുവെന്ന് സൂചന. അനവധി പേരെ ചോദ്യം ചെയ്തിട്ടും വേണ്ടത്ര തെളിവുകളൊന്നും എസ്ഐടിക്കു ലഭിച്ചില്ല. നഗരത്തിലെ ഗുണ്ടാത്തലവന്മാരെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
നക്സൽ നീക്കങ്ങൾ വ്യാപകമായുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായാണ് എസ്ഐടി സംഘം കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശനം നടത്തി നൂറിലധികം പേരെ ചോദ്യം ചെയ്തത്. നക്സലുകളെ മുഖ്യധാരയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ രൂപീകരിച്ച പാനലിൽ ഗൗരി അംഗമായതിനാൽ, ഇവരിൽ സജീവമായി രംഗത്തുള്ളവരാണ് വധത്തിനു പിന്നിലെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്.
നക്സൽ മേഖലയിൽനിന്ന് അന്വേഷണ സംഘം പൂർണമായി പിന്മാറിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗുണ്ടാത്തലവന്മാരിൽ പ്രധാനിയായ അഗ്നി ശ്രീധറിനെ എസ്ഐടി ഇന്നലെ ചോദ്യം ചെയ്തു. നൂറിലധികം കേസുകൾ നേരിടുന്ന കുണിഗൽ ഗിരിയെ ചോദ്യം ചെയ്തേക്കുമെന്ന് കഴിഞ്ഞ ദിവസം എസ്ഐടി സംഘം വ്യക്തമാക്കിയിരുന്നെങ്കിലും, ഇയാൾ നേരിട്ട് സിഐഡി ഓഫിസിലെത്തിയപ്പോൾ, വിളിക്കുമ്പോൾ വന്നാൽ മതിയെന്ന നിർദേശം നൽകി തിരിച്ചയയ്ക്കുകയായിരുന്നു. കഴിഞ്ഞ എട്ടിനാണ് മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ വീടിനു മുന്നിൽ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.