ബെംഗളൂരു ∙ പ്രായപൂർത്തി ആകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടം നിയന്ത്രിക്കാൻ കടുത്ത ശിക്ഷാനടപടികളുമായി പൊലീസ്. കുട്ടികൾക്കു വാഹനം നൽകുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുട്ടി ഡ്രൈവർമാരെ പിടികൂടാൻ നഗരത്തിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയ പൊലീസ്, സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച ബോധവൽക്കരണവും ഊർജിതമാക്കി.
കുട്ടി ഡ്രൈവർമാർ കറങ്ങാനിറങ്ങുന്ന നന്ദി ഹിൽസ്, നൈസ് റോഡ്, നെലമംഗല ടോൾപാത, കോലാർ ഹൈവേ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം മൂന്നു കാറുകളിലായി മൽസരയോട്ടം നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചതിന്റെ പശ്ചാത്തലത്തിലാണു പൊലീസ് രക്ഷിതാക്കൾക്കെതിരെ നടപടി ശക്തമാക്കുന്നത്. ഹൊസൂർ റോഡിൽ മേൽപാലത്തിൽ അമിതവേഗത്തിൽ കാറുകൾ പാഞ്ഞുണ്ടായ അപകടത്തിലാണ് അർഫാൻ (16) മരിച്ചത്.
ലൈസൻസില്ലാത്ത മക്കൾക്കു കാർ നൽകിയ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും മറ്റു രണ്ടു കാറുകൾ ഓടിച്ച വിദ്യാർഥികളെ ജുവനൈൽ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ വാഹനവുമായി നിരത്തിൽ ഇറങ്ങുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നു പൊലീസ് പറയുന്നു. ഞായറാഴ്ച അപകടമുണ്ടാകുമ്പോൾ മൂന്നു കാറുകളും 150 കിലോമീറ്റർ വേഗത്തിലായിരുന്നു.
അമിത വേഗത്തിൽ മേൽപാലത്തിൽ നിന്നു റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ അഭ്യാസ പ്രകടനം (വീലി, സിഗ്സാഗ് ഡ്രൈവിങ്) നടത്തുന്നവരിൽ ഭൂരിഭാഗവും 14–17 പ്രായത്തിൽ ഉള്ളവരാണ്. തിരക്കേറിയ റോഡിൽ സ്കൂട്ടറിന്റെ മുൻചക്രം വായുവിൽ ഉയർത്തി അമിതവേഗത്തിലുള്ള വീലിയും റോഡിൽ വാഹനം ഇരുവശത്തേക്കു വെട്ടിച്ചുള്ള സിഗ്സാഗ് ഡ്രൈവിങ്ങും മറ്റു വാഹനയാത്രികർക്കും ഭീഷണിയാണ്.
ഈ വർഷമാദ്യം യെലഹങ്കയിൽ വീലി നടത്തിയ സ്കൂട്ടർ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. ബെംഗളൂരുവിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഈ വർഷം ഇതുവരെ അൻപതിനായിരത്തോളം പേർക്കെതിരെയാണു കേസെടുത്തത്. മൽസരയോട്ടം, ബൈക്കഭ്യാസം (വീലി, സിഗ്സാഗ് ഡ്രൈവിങ്) എന്നിവയിൽ പതിനായിരത്തോളം കേസുകളും റജിസ്റ്റർ ചെയ്തു.ബൈക്കഭ്യാസം നടത്തി പിടിയിലാകുന്ന വാഹനങ്ങൾ തിരികെ കൊടുക്കില്ലെന്നു പൊലീസ് പറഞ്ഞു. വീലി നടത്തി പിടിയിലായവരെ ഉപയോഗിച്ചുള്ള ബോധവൽക്കരണ വിഡിയോ പൊലീസിന്റെ ഫെയ്സ്ബുക് പേജുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
ബെംഗളൂരുവിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് ഈ വർഷം ഇതുവരെ കേസെടുത്തത് അൻപതിനായിരത്തോളം പേർക്കെതിരെ
തിരക്കേറിയ റോഡിൽ സ്കൂട്ടറിന്റെ മുൻചക്രം വായുവിൽ ഉയർത്തി അമിതവേഗത്തിൽ പായുന്നതിനെയാണു വീലിയെന്ന് ഓമനപ്പേരിട്ടു വിളിക്കുന്നത്. ക്ലച്ച് വീലിസ്, പവർ വീലിസ്, ബൗൺസ് വീലിസ്, മാനുവൽസ് തുടങ്ങിയ വകഭേദങ്ങൾ ഇതിലുണ്ട്. റോഡിൽ വാഹനം ഇരുവശത്തേക്കും വെട്ടിച്ചുള്ള സിഗ്സാഗ് ഡ്രൈവിങ്ങിനും കൗമാരക്കാരുടെയും യുവാക്കളുടെയുമിടയിൽ ഏറെ ആരാധകരാണുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.