ഗൌരിക്ക് മരണമില്ല ജീവിക്കുന്നു ആശയങ്ങളിലൂടെ പ്രതിഷേധം അണപൊട്ടി.

ബെംഗളൂരു:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം. രാജ്യതലസ്ഥാനത്ത് നൂറുകണക്കിനാളുകൾ മെഴുകുതിരി പ്രയാണം നടത്തി; ‘ഗൗരിക്കു മരണമില്ല’ എന്നു രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി ഇന്ത്യാ ഗേറ്റിൽ സംഗമിച്ചു. രാജ്യത്തെ മറ്റു നഗരങ്ങളിലും കേരളത്തിൽ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

കൊലപാതകം അന്വേഷിക്കാൻ ഐജി (ഇന്റലിജൻസ്) ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കർണാടക സർക്കാർ രൂപംനൽകി. കേസ് സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക സംഘത്തിനു വിടാനാണു കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്.

എന്നാൽ, കുടുംബാംഗങ്ങളുടെ ആവശ്യം മുൻനിർത്തി, സിബിഐ അന്വേഷണത്തോടുപോലും തുറന്ന മനസ്സാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. പുരോഗമനാശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പ്രമുഖർക്കു പ്രത്യേക പൊലീസ് സുരക്ഷ നൽകാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോടു റിപ്പോർട്ട് തേടി. നെഞ്ചത്തും വയറ്റിലുമേറ്റ വെടിയാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചിക്കമഗളൂരു സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ ഫെയ്സ്ബുക് പോസ്റ്റുകളോടു രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്ന ഇയാൾ ഈയിടെ ബെംഗളൂരുവിൽ എത്തിയതാണു സംശയത്തിനിടയാക്കിയത്. രണ്ടു മാസം മുൻപു നഷ്ടപ്പെട്ട ഫോൺ ബെംഗളൂരുവിലാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് എത്തിയതായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.

രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന നാലു സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകം. ചൊവ്വാഴ്ച ബസവനഗുഡിയിലെ ‘ഗൗരി ലങ്കേഷ് പത്രികെ’ ഓഫിസിൽനിന്ന് കാർ ഓടിച്ച് വീട്ടിലെത്തിയ ഗൗരി, ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടെ രാത്രി 7.56നാണ് ഹെൽമറ്റ് ധരിച്ച ഒരാൾ വെടിയുതിർത്തത്.

തുടർന്ന് വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ മൂന്നു തവണ കൂടി വെടിയേറ്റ് നടക്കല്ലിനു മുന്നിൽ വീഴുകയായിരുന്നു. ഇടതു ഭാഗത്തു നെഞ്ചിലും വയറ്റിലുമാണു വെടിയേറ്റത്. അക്രമി മടങ്ങുന്ന ബൈക്ക് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ല. വീടിനു മുന്നിൽ വെളിച്ചം കുറവായിരുന്നതാണ് അന്വേഷണത്തിനു തടസ്സം. ഇതേസമയം, അക്രമികൾ മൂന്നുപേർ ഉണ്ടായിരുന്നുവെന്നാണ് അയൽ‌വാസികളുടെ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us