ബെംഗളൂരു: നഗരവാസികൾക്ക് സുഖകരമായ യാത്രാനുഭവം നൽകിയ നമ്മ മെട്രോ ചൊവ്വാഴ്ച പത്താം വർഷത്തത്തിലേക്ക് കടക്കുകയാണ്. 2011 ഒക്ടോബർ 20 നായിരുന്നു എം.ജി. റോഡ് സ്റ്റേഷനിൽനിന്ന് ബൈയപ്പനഹള്ളിയിലേക്കുള്ള 6.7 കിലോമീറ്റർ പാതയിൽ ആദ്യമായി മെട്രോ ഓടിയത്.
പത്താം വർഷത്തത്തിലേക്ക് കടക്കുമ്പോൾ 42 കിലോമീറ്റർ ദൈർഘ്യമുള്ള പാത ബെംഗളൂരുവിന്റെ പൊതുഗതാഗതസംവിധാനത്തിൽ ഒഴിച്ചുകൂടാനാവാത്തതായി. ഗ്രീൻ ലൈനിൽ യെലച്ചനഹള്ളിയിൽ നിന്ന് അഞ്ജനപുര വരെയുള്ള 6.2 കിലോമീറ്റർ പാതയിൽ നവംബർ ആദ്യം സർവീസ് തുടങ്ങുന്നത് നഗരവാസികൾക്ക് ആശ്വാസമാകും.
ഗ്രീൻ, പർപ്പിൾ എന്നീ പേരുകളിലാണ് നമ്മ മെട്രോയുടെ രണ്ടുപാതകളും അറിയപ്പെടുന്നത്. ലോക് ഡൗണിന് മുമ്പ് ദിവസേന ഗ്രീൻ, പർപ്പിൾ പാതകളിലായി 4.5 ലക്ഷം യാത്രക്കാരുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് അരലക്ഷമായി കുറഞ്ഞു. രണ്ടാംഘട്ടവും കൂടി പൂർത്തിയാകുമ്പോൾ പാതയുടെ ദൈർഘ്യം 72 കിലോമീറ്ററാകും.
നിലവിലെ സാഹചര്യത്തിൽ രണ്ടാംഘട്ടത്തിലെ മുഴുവൻ പാതയും ഉദ്ഘാടനം ചെയ്യണമെങ്കിൽ 2024 എങ്കിലും ആകുമെന്നാണ് കരുതുന്നത്. സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം വരെയുള്ള 18 കിലോമീറ്റർ പാത, കെ.ആർ. പുരത്തുനിന്ന് വിമാനത്താവളം വരെയുള്ള 36 കിലോമീറ്റർ പാത തുടങ്ങിയവയുടെ നിർമാണപ്രവർത്തനങ്ങളും നടന്നു വരുകയാണ്.
ഔട്ടർ റിങ് റോഡിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള മെട്രോ ഇടനാഴിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. എന്നാൽ, പത്തുവർഷമായിട്ടും നമ്മ മെട്രോയ്ക്ക് വലിയ വ്യാപനം ഉണ്ടായില്ലെന്ന് വിമർശനമുണ്ട്. മെട്രോ പാത ദീർഘിപ്പിക്കലും വികസനവും ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് എന്നാണ് പൊതുവെയുള്ള ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.