ദുബായ്: ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ തകര്‍ത്തടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. വെറും 19 ബോളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു 32 പന്തില്‍ 74 റണ്‍സുമായാണ് തന്റെ കുതിപ്പ് അവസാനിപ്പിച്ചത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയാൽസിന് തിളക്കമാർന്ന വിജയം.
ഒമ്പത് പടുകൂറ്റന്‍ സിക്‌സറുകള്‍ സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ഒരൊറ്റ ഫോര്‍ മാത്രമാണ് സഞ്ജു നേടിയത്. 11.4 ഓവറില്‍ ടീം സ്‌കോര്‍ 132ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയതിന് പിന്നാലെ പുതിയ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന റെക്കോഡാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തം പേരിലാക്കിയത്.
സഞ്ജു സാംസണിന്റെയും (74) നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും (69) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് രാജസ്ഥാന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈയുടെ മിക്ക മുന്‍നിര ബൗളര്‍മാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. സീസണില്‍ മിന്നും പ്രകടനം തുടരുമെന്ന മുന്നറിയിപ്പാണ് സഞ്ജു നല്‍കിയത്.
ഷാര്‍ജാ സ്റ്റേഡിയത്തിലെ ടി20 ഫോര്‍മാറ്റിലെ ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറാണ് സഞ്ജു ഇന്ന് നേടിയത്. ഇന്നത്തെ മത്സരത്തിലൂടെ ഒരു റെക്കോഡ് സഞ്ജു സ്വന്തം പേരിലാക്കി. ഷാര്‍ജാ സ്റ്റേഡിയത്തില്‍ ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. ഒമ്പത് സിക്‌സര്‍ പറത്തിയ സഞ്ജു അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്‌സാദിന്റെ 8 സിക്‌സര്‍ റെക്കോഡാണ് തിരുത്തിയത്.
രാജസ്ഥാന്‍ വളരെ പ്രതീക്ഷയോടെ നോക്കുന്ന താരമാണ് സഞ്ജു സാംസണ്‍. വരും മത്സരങ്ങളിലും സഞ്ജുവിന്റെ ബാറ്റ് ഗര്‍ജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തി ടീം ഇന്ത്യയില്‍ എത്തുകയാണ് സഞ്ജുവിന്റെ ലക്ഷ്യം.
ഇന്ന് ചെന്നൈക്കെതിരെ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവാണ് റോയൽസിന്റെ ടോപ് സ്കോറർ. സഞ്ജുവിന് ശേഷം കാര്യമായി ആർക്കും വലിയ സംഭാവന നൽകാൻ സാധിക്കാത്തതിനാൽ രാജസ്ഥാന്റെ ഇന്നിങ്സിന്റെ വേഗം കുറഞ്ഞു.
വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീണു. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും സമചിത്തതയോടെ കളിച്ച സ്മിത്തിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ പുറത്താണ് അവസാന ഓവറുകളിൽ രാജസ്ഥാൻ സ്കോർ കണ്ടെത്തിയത്.
രാജസ്ഥാൻ റോയൽസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൻസെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി മുരളി വിജയും ഷെയ്ൻ വാട്സണും മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. എന്നാൽ മികച്ച ഫോമിൽ കളിച്ച വാട്സണെ പുറത്താക്കി സ്പിന്നർ തെവാട്ടിയ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ മുരളി വിജയും പുറത്തായി. ശ്രേയസ് ഗോപാലിനാണ് വിക്കറ്റ്. വിജയ് 21 റൺസും വാട്സൺ 33 റൺസുമെടുത്തു. 37 പന്തിൽ നിന്നും 72 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിന്ന് കൂറ്റൻ സ്കോർ പിന്തുടരാൻ ധോനിയ്ക്കും ഡുപ്ലെസിയ്ക്കും സാധിച്ചില്ല. അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ ഡുപ്ലെസി സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. അവസാന ഓവറുകളിൽ ധോനി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും ചെന്നൈയെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല.
ഷാര്‍ജാ ക്രിക്കറ്റ് മൈതാനത്തെ ഇതിന് മുൻപത്തെ ഉയര്‍ന്ന റണ്‍ ചേസ് 140 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയതാണ്. ഇവിടുത്തെ ശരാശരി രണ്ടാം ഇന്നിങ്‌സ് ടി20 സ്‌കോര്‍ 131 ആണ്. അതിനാല്‍ത്തന്നെ രാജസ്ഥാനെ വീഴ്ത്തുക കണക്കുകള്‍ പ്രകാരം സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. രാജസ്ഥാനെ തകര്‍ത്തിരുന്നെങ്കിൽ അത് പുതിയ ചരിത്രമാവുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.