നഗര ശുചീകരണം ലക്ഷ്യമിട്ട് ബി.ബി.എം.പി.യുടെ വക എട്ടിന്റെ പണി!

ബെംഗളൂരു: റോഡരികിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാനും വീടുകളിൽ നിന്നും നേരിട്ട് മാലിന്യശേഖരണം നടത്താനും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും പരമാവധി മൂന്നു മാസത്തെ സമയം അനുവദിച്ചു കൊണ്ട് ബി ബി എം പി ഉത്തരവിറക്കി.

സ്ഥിരമായി മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന സ്ഥലങ്ങൾ ( ബ്ലാക് സ്പോട്ട്സ്) കണ്ടെത്തി മോടിപിടിപ്പിക്കും. ഖര, ദ്രവമാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും വേർതിരിച്ച് ശേഖരണം നടത്താനുള്ള പുതിയ ടെൻഡറും നിലവിൽ വന്നതായി ബി ബി എം പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.

ഗോവിന്ദ രാജ് വാർഡിലാണ് പുതിയ മാലിന്യ സംസ്കരണ നിയമം ആദ്യമായി നടപ്പിലാക്കിയത്. 37 വാർഡുകളിൽ കൂടി സമീപഭാവിയിൽ തന്നെ പുതിയ നിയമം നടപ്പാക്കുമെന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷണർ ഡി രൺദീപ് പറഞ്ഞു.

ഈ മാസാവസാനത്തോടെ 78 വാർഡുകളിൽ കൂടി പുതിയ കരാർ നിലവിൽ വരും.

തരംതിരിക്കാം കൃത്യതയോടെ:

• കൃത്യമായി തരം തിരിച്ചു നൽകുന്ന മാലിന്യം മാത്രമേ പുതിയ ടെൻഡർ അനുസരിച്ച് സ്വീകരിക്കൂ. ബി ബി എം പി യുടെ 198 വാർഡിലും ഇത് നടപ്പിൽ വരുത്തും.

• മാസ്ക്, നാപ്കിൻ ഉൾപ്പടെയുള്ള മെഡിക്കൽ മാലിന്യവും അടുക്കള മാലിന്യവും ശേഖരിക്കാൻ ദിവസവും ഓട്ടോ ടിപ്പറുകൾ എത്തും.മാസ്കും കയ്യുറകളുമെല്ലാം പ്രത്യേകം കവറുകളിലാക്കി മാത്രം നൽകാൻ ശ്രദ്ധിക്കുക.

• അടുക്കള മാലിന്യം പ്ലാസ്റ്റിക് കവറിൽ നൽകിയാൽ സ്വീകരിക്കുന്നതല്ല. പ്രത്യേകം ബക്കറ്റിലാക്കി നേരിട്ട് നൽകേണ്ടതാണ്.

• ഖരമാലിന്യശേഖരണത്തിന് ആഴ്ചയിലൊരിക്കൽ മാത്രമായിരിക്കും ബി ബി എം പി വാഹനം എത്തുക.

• രക്ഷാകവചം ധരിച്ചു മാത്രം മാലിന്യ നീക്കത്തിൽ ഏർപ്പെടുക.

• ഇനിമുതൽ കരാറുകാർക്കും ജീവനക്കാർക്കും സമയബന്ധിതമായി വേതനം നൽകുന്നത് മാലിന്യ നീക്കത്തിലെ പ്രവർത്തന മികവു കൂടി കണക്കിലെടുത്താവും.

• ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിലൂടെ മാലിന്യം കൃത്യമായി വേർതിരിച്ച് നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കും. ഒന്നിലധികം തവണ വീഴ്ച വരുത്തുന്നവരെ കണ്ടെത്തി ബി ബി എം പി മാർഷൽ മാരോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ പിഴ ഈടാക്കും.

• സമ്പൂർണ്ണ നിരോധനം നടത്തിയിട്ടുള്ള ഡിസ് പോസിബിൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ വ്യാപാര സ്ഥാപനങ്ങൾ കർശന നടപടി നേരിടേണ്ടി വരും.

ജി പി എസ് ഘടിപ്പിച്ചതിനാൽ ഉദ്യോഗസ്ഥർക്ക് ഓട്ടോ ടിപ്പറുകളുടെ നീക്കം തത്സമയം നിരീക്ഷണ വിധേയമാക്കാനാവും. മാലിന്യനീക്കം ഏറ്റെടുത്തിട്ടുള്ള വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബയോ മെട്രിക് ഹാജരും നിർബന്ധിതമാക്കിയിട്ടുണ്ട്. വ്യാജബിൽ ഹാജരാക്കി അഴിമതി നടത്തിയിരുന്ന കരാറുകാരുടെ തട്ടിപ്പ് ഇനി മുതൽ നടക്കാനിടയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us