ബെംഗളൂരു: ദൈവത്തിനു മാത്രമേ കോവിഡ് വ്യാപനത്തിൽനിന്ന് കർണാടകത്തെ രക്ഷിക്കാൻ കഴിയൂവെന്ന ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്റെ പ്രസ്താവനക്കെതിരേ കോൺഗ്രസ് രംഗത്ത്.
കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ ചെയർമാൻ കൂടിയായ മന്ത്രിയുടെ പ്രസ്താവനയിലൂടെ സർക്കാരിന്റെ കഴിവുകേടാണ് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചു.
ഇത്തരത്തിലുള്ള സർക്കാർ എന്തിനാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിന് യെദ്യൂരപ്പ സർക്കാരിന് കഴിയുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സർക്കാർ ജനങ്ങളെ കൈയൊഴിഞ്ഞിരിക്കുകയാണ് -ശിവകുമാർ പറഞ്ഞു.
കോവിഡ് വ്യാപനത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മറ്റ് മന്ത്രിമാരും ജനങ്ങൾക്ക് ശുഭാപ്തിവിശ്വാസം പകരുന്ന പ്രസ്താവനകൾ നടത്തുമ്പോഴാണ് ജനങ്ങളെ കടുത്ത ആശങ്കയിലാക്കുന്ന ശ്രീരാമുലുവിന്റെ പ്രസ്താവന വന്നത്.
‘‘ലോകത്താകമാനം കോവിഡ് രോഗികൾ ഇരട്ടിക്കുകയാണ്. കോവിഡ് വൈറസിന് പാവപ്പെട്ടവർ, പണക്കാർ, മതം, ജാതി എന്ന വ്യത്യാസമില്ല. രോഗവ്യാപനം നൂറുശതമാനം വർധിക്കുകയാണ്. നമ്മെ രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ’’ എന്നാണ് ശ്രീരാമുലു പറഞ്ഞത്.
സ്വന്തം മണ്ഡലമായ മുളകൽമുരു സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന വിവാദമായതോടെ മന്ത്രി ശ്രീരാമുലു വിശദീകരണവുമായി രംഗത്തെത്തി.
തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കോവിഡ് വ്യാപനത്തിന്റെ ഗൗരവം ജനങ്ങൾക്ക് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മന്ത്രി ശ്രീരാമുലു പറഞ്ഞു.