ബെംഗളൂരു: നഗരത്തിലുള്ള മലയാളി ദമ്പതിമാരെ കണ്ണൂർ കൊട്ടിയൂർ അമ്പായത്തോടിനു സമീപം ഷെഡ്ഡിൽ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തെന്നു പരാതി.
ദമ്പതിമാരുടെ പേരിലുള്ള നാലേക്കർ സ്ഥലത്തെ ഷെഡ്ഡിൽവെച്ചാണ് ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികൾ അഞ്ചുപേരുള്ളതായി പരാതിയിൽ പറയുന്നു.
19-ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡ്ഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചു.
അയാൾ രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികൾ അവിടെനിന്നു മുങ്ങി.
സംഭവത്തിനുശേഷം കേരള മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്.പി.ക്കും ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് കേളകം പോലീസ് കേസെടുത്തു.
അമ്പായത്തോട്ടിൽ ദമ്പതിമാർ നാലേക്കർ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താൻ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്മോന് അനുമതിയും നൽകി.
ജിഷ്മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതികൊടുക്കുമെന്നും പറഞ്ഞു.
ഈ സമയം ജിഷ്മോനും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
തുടർന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മർദിച്ചതിനു പുറമേ മൊബൈൽ ഫോണും എ.ടി.എം. കാർഡും കൈക്കലാക്കി. തുടർന്ന് ഷെഡ്ഡിൽവെച്ച് ജിഷ്മോൻ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
ജിഷ്മോൻ ബെംഗളൂരുവിലെത്തി ആഡംബരക്കാറും കവർന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു. ജിഷ്മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിൽ പറഞ്ഞു.