ബെംഗളൂരു:കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന ട്രാഫിക് പോലീസ് അതിവേഗത്തിൽവന്ന കാറിടിച്ച് മരിച്ച സംഭവത്തെത്തുടർന്ന് വാഹനപരിശോധന കർശനമാക്കി.
വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ വേഗം കർശനമായി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
പോലീസുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
വിമാനത്താവളത്തിലേക്കുള്ള റോഡിൽ ചിക്കജാല മേൽപ്പാലത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന ചിക്കജാല ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ. ധനഞ്ജയാണ് (40) ശനിയാഴ്ച വൈകീട്ട് കാറിടിച്ച് മരിച്ചത്. കാർ ഡ്രൈവർ കുശാൽ രാജിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. മരണത്തിനിടയാക്കുന്നതരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു. വൈകി യാത്രപുറപ്പെട്ടതിനാൽ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തുന്നതിനായാണ് അതിവേഗത്തിൽ കാറോടിച്ചതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പരിശോധനയ്ക്കായി പോലീസ് റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാത്തതും റോഡരികിൽ പരിശോധനയുടെ ഭാഗമായി മറ്റ് വാഹനങ്ങൾ നിർത്തിയിട്ടതും അപകടത്തിനിടയാക്കിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ ഉമ മഹേശ്വര ആശുപത്രിയിൽ ചികിത്സയിലാണ്.