“ഒരു ഹായ് തരൂ, ഇല്ലെങ്കിൽ നമ്മുടെ സൗഹൃദം എന്നെന്നേക്കുമായി തകരും” ഫേസ്ബുക്കിൽ അലമുറയിടുന്ന അൽഗോരിത പ്രശ്നത്തിന്റെ പിന്നിൽ എന്താണ് ?

ഫേസ്ബുക്കിൽ എവിടെ തിരിഞ്ഞാലും പൊട്ടിക്കരച്ചിൽ മാത്രമേ കാണാനുള്ളൂ, നിങ്ങൾ എല്ലാവരും ഒരു ഹായ് തരൂ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി നിലക്കും, എന്ന് ചിലർ… മറ്റു ചിലരോ കുറച്ച് ആധികാരികമായി “ഫേസ്ബുക്കിൽ വന്ന പുതിയ മാറ്റങ്ങൾ പ്രകാരം “……….ഫെയ്സ്ബുക് അൽഗോരിതം മാറ്റിയെന്നും അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നുള്ള രീതിയിലും  സന്ദേശം പ്രചരിക്കുന്നു …

എന്താണ് സത്യത്തിൽ ഫേസ്ബുക്കിന് സംഭവിച്ചത് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ഫേസ്ബുക്കിൽ ഇരിട്ടു പരക്കുമോ ? മൊത്തം സംശയങ്ങൾ ആണ് എല്ലാവർക്കും.

ആദ്യം തന്നെ പറയട്ടെ ഈ അടുത്ത കാലത്തായി ഫേസ് ബുക്ക് തങ്ങളുടെ അൽഗോരിതത്തിൽ വൻ മാറ്റങ്ങൾ വരുത്തിയതായി വിശ്വസനീയമായ ഒരു വാർത്തയും ഇല്ല, സോഷ്യൽ മീഡിയ എന്ന നിലക്ക് ആളുകളെ അകറ്റി നിർത്താനല്ല കൂടുതൽ ആൾക്കാരെ തമ്മിൽ ബന്ധിപ്പിക്കാനേ ഫേസ്ബുക്ക് ശ്രമിക്കൂ.

യഥാർത്ഥത്തിൽ ന്യൂസ് ഫീഡ് ഒരു നിശ്ചിത എണ്ണം സുഹൃത്തുക്കളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണിക്കൂ എന്ന ആശയം തെറ്റാണ്നിങ്ങൾക്ക് പ്രാധാന്യമുള്ള, താൽപര്യമുള്ള പോസ്റ്റുകൾ കാണിക്കുക എന്നതാണ് ന്യൂസ് ഫീഡിന്റെ ലക്ഷ്യം.

അതേസമയം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളിൽ ‌നിന്നുമുള്ള എല്ലാ സന്ദേശങ്ങളും ഫെയ്സ്ബുക് കാണിക്കില്ലെന്നതും ശരിയാണ്. കാരണം, സൈറ്റിൽ ഇടമില്ല.

അതുപോലെ, നിങ്ങൾ‌ക്ക് കേൾക്കാൻ‌ കൂടുതൽ‌ താൽ‌പ്പര്യമുണ്ടെന്ന് കരുതുന്ന സുഹൃത്തുക്കളിൽ നിന്നുള്ള സന്ദേശങ്ങളാണ് പ്രധാനമായും ഫെയ്സ്ബുക് നിങ്ങൾക്കായി തിരഞ്ഞെടുക്കുക.

നിങ്ങൾ സ്ഥിരമായും വായിക്കുകയും സംവദിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ ഏതൊക്കെയാണെന്ന് കൃത്യമായി പരിശോധിച്ചാണ് ഇങ്ങനെ ചെയ്യുന്നത്.

നിങ്ങൾ സെർച്ച് ചെയ്ത, കമൻറ് ചെയ്ത, ടാഗ് ചെയ്ത, മെൻഷൻ ചെയ്ത പേജുകളും പ്രൊഫൈലുകളുമാണ് നിങ്ങളുടെ മുന്നിൽ കൂടുതലായി വരിക.

അതുകൊണ്ട് നിങ്ങളുടെ ഫീഡിന് മുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന 25 പേർ അല്ലെങ്കിൽ അതിൽ കുറവോ അതിൽ കൂടുതലോ ആളുകൾ ഉണ്ടായിരിക്കാം.

നിങ്ങൾ ആരുടെയെങ്കിലും പോസ്റ്റുമായി കൂടുതൽ അടുപ്പം പുലർത്തുകയാണെങ്കിൽ അവരും ആ ഗ്രൂപ്പിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ഇവിടെ ആളുകളെ അവരിഷ്‌ടപ്പെടുന്ന പോസ്റ്റുകളുമായി സംവദിക്കാൻ‌ പ്രോത്സാഹനം നൽകുകയാണ് ഫെയ്‌സ്ബുക്.

നിങ്ങൾക്ക് അറിയാനും കേൾക്കാനും ഇഷ്ടമുള്ളവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡിന്റെ മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ഇനിയും ടെൻഷൻ ബാക്കിയാണോ നിലനിൽക്കുന്നുണ്ടെങ്കിൽ, പ്രിയപ്പെട്ടവരിൽ ആരുടെയെങ്കിലും ഫെയ്സ്ബുക് പോസ്റ്റ് നിങ്ങൾക്ക് ലഭ്യമാകുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ അവരുടെ പ്രൊഫൈലിൽ കയറി ‘ഫോളോ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്തശേഷം അതിൽ ‘സീ ഫസ്റ്റ്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്താൽ മാത്രം മതി.

ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എങ്ങിനെ പ്രവർത്തിക്കണം എന്ന് അതിനുള്ളിൽ വിശദമായി എഴുതിയതിനെയാണ് ലളിതമായി അൽഗോരിതം എന്ന് വിളിക്കുന്നത്. ഫേസ്ബുക്കിലായാലും യൂട്യൂബ് അടക്കം എല്ലാ മാധ്യമങ്ങളും പ്രവർത്തിക്കുന്നത് ഇത്തരം അൽഗോരിതങ്ങൾ അടിസ്ഥാനമാക്കിയാണ്.

എന്നാൽ ഇപ്പോൾ നമ്മൾ ആദ്യമായി മാറ്റം വരുത്തേണ്ടത് നമ്മൾ ഓരോരുത്തരിലേയും ഉള്ളിലെ “അൽഗോരിതങ്ങൾ”ക്ക് ആണ്.

“സോഷ്യൽ മീഡിയകളിൽ വരുന്ന എല്ലാ വാർത്തകളും വിശ്വസിക്കാതിരിക്കുക, ശരിയെന്ന് ഉറപ്പ് വരുന്നത് വരെ അവ ഷെയർ ചെയ്യാതിരിക്കുക” ഈ അൽഗോരിതം നിങ്ങൾ പ്രയോഗിച്ചാൽ സ്വയം അപഹാസ്യരാകുന്നത് ഒഴിവാകുന്നതോടൊപ്പം തന്നെ സ്വന്തം സുഹൃത്തുക്കളെ അതിൽ നിന്ന് രക്ഷിക്കാനും കഴിയും ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us