ബംഗളൂരു : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയിൽ പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആറ് പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്ന് ബംഗളുരു കോടതി ഉത്തരവിട്ടു. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻചാണ്ടി.
സോളാർ പവർ പ്രോജക്ട് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും പന്ത്രണ്ടിലുമായി പ്രതികൾ ബംഗളുരു വ്യവസായിയായ എംകെ കുരുവിളയിൽ നിന്ന് വാങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസും പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ ഡെൽജിതും സോസ കൺസൾട്ടന്‍റ് പ്രൈവറ്റ് ലിമിറ്റജ് എംഡിയായ ബിനു നായർ എന്നിവരാണ് കുരുവിളയിൽ നിന്ന് പണം തട്ടിയത്.
ആൻഡ്രൂസിനോടൊപ്പം ദില്ലിയിലെത്തി ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ടതിന് ശേഷമാണ് കുരുവിള പണം നൽകിയത്.. പ്രോജക്ട് നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടാകാത്തതിനാൽ കുരുവിശള കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിയിൽ വിശദമായി വാദം കേട്ട ബംഗളുരു അഡീഷണൽ സിറ്റി സിവിൽ ആന്‍റ് സെഷൻസ് ജഡ്ജ് എൻആർ ചെന്നകേശവ അഞ്ചാം പ്രതി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ പണത്തിന്റെ പതിനെട്ട് ശതമാനം പലിശയടക്കം ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപയും കോടതി ചെലവും നൽകണമെന്നും കുരുവിളക്ക് നൽകണമെന്നും വിധിച്ചു.
മൂന്ന് മാസത്തിനകം പ്രതികൾ പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു. കോടതി വിധി പറയുന്നത് കേൾക്കാൻ പ്രതികളാരും ഹാജരായിരുന്നില്ല.