ഗണേശോത്സവത്തെ വരവേൽക്കാൻ ഉദ്യാനനഗരമൊരുങ്ങി.

ബെംഗളൂരു:പരിസ്ഥിതിക്ക് കോട്ടമേൽപ്പിക്കാതെ വിനായക ചതുർഥി ആഘോഷത്തിനൊരുങ്ങി നഗരം.

വിവിധ ക്ഷേത്രങ്ങളിലും റെസിഡൻറ്‌ഷ്യൽ അസോസിയേഷനുകളുടെ കീഴിലും ഗണേശവിഗ്രഹ നിമജ്ജനത്തിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

കളിമണ്ണുകൊണ്ടും ധാന്യങ്ങൾ കൊണ്ടും നിർമിച്ച ഗണേശ വിഗ്രഹമാണ് ഇത്തവണ വിപണിയിലുള്ളത്.

കഴിഞ്ഞവർഷം മുതൽ നഗരത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള വിഗ്രഹങ്ങൾ പൂർണമായി നിരോധിച്ചിരുന്നു.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പല വലിപ്പത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ വിൽപ്പനയ്ക്കായി നിരന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും ബെംഗളൂരു, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിഗ്രഹങ്ങൾ എത്തിക്കുന്നത്.

ധാന്യങ്ങൾ കൊണ്ടുള്ള വിഗ്രഹത്തിനാണ് ഏറെ ആവശ്യക്കാരുള്ളത്. 300 രൂപമുതലാണ് ധാന്യങ്ങൾ കൊണ്ടുനിർമിച്ച ഗണേശവിഗ്രഹങ്ങളുടെ വില. കളിമണ്ണുകൾ കൊണ്ടുള്ള വിഗ്രഹങ്ങൾ വലിപ്പമനുസരിച്ച് 60 രൂപ മുതൽ ലഭ്യമാണ്.

വിഗ്രഹങ്ങളും പൂജാവസ്തുക്കളും തേടി ആയിരക്കണക്കിന് പേരാണ് കെ. ആർ. മാർക്കറ്റിലുമെത്തുന്നത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും കോർപ്പറേഷനും ചേർന്ന് ഇത്തവണ വിഗ്രഹനിർമാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി പ്ലാസ്റ്റർ ഓഫ് പരീസിൽ നിർമിച്ച വിഗ്രഹങ്ങൾ പിടിച്ചെടുത്തിരുന്നു. 30,000-ത്തിലേറെ വിഗ്രഹങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചെന്നാണ് കണക്ക്.

പരിസ്ഥിതി സൗഹൃദ വിഗ്രഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പ്രദേശങ്ങളിൽ വിഗ്രഹ നിർമാണ ശില്പശാലകളും മലിനീകരണ നിയന്ത്രണബോർഡ് സംഘടിപ്പിച്ചു. വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്ന തടാകങ്ങളുടെ സമീപത്തും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും.

അതേസമയം ഓരോവാർഡിലും വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള ജലാശയങ്ങൾ ബെംഗളൂരു കോർപ്പറേഷൻ പ്രഖ്യാപിച്ചു. യലഹങ്ക, അല്ലലസാന്ദ്ര, അത്തൂരു, കോഗിലു, രച്ചനഹള്ളി, ജക്കൂർ, ദൊഡ്ഡബൊമ്മസാന്ദ്ര, ചല്ലക്കരെ, ഹലസൂരു, ഉള്ളാള, കസവനഹള്ളി, യെദിയൂർ തുടങ്ങിയ 24 തടാകങ്ങളിലാണ് വിഗ്രഹനിമജ്ജനത്തിന് അനുമതിയുള്ളത്.

വിനായക ചതുർഥി ദിനത്തിൽ നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us