ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പ സർക്കാരിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ. ഗോവിന്ദ് എം. കർജോൾ, ഡോ. സി.എൻ. അശ്വന്ത് നാരായൺ, ലക്ഷ്മൺ സാവാദി എന്നിവരെയാണ് ഉപമന്ത്രിമാരാക്കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ലക്ഷ്മൺ സാവാദിയെ ഉപമുഖ്യമന്ത്രിയാക്കിയെന്ന പ്രത്യേകതയുമുണ്ട്. ഗോവിന്ദ് കർജോളിന് പൊതുമരാമത്ത്, അശ്വന്ത് നാരായണിന് ഉന്നതവിദ്യാഭ്യാസം, ഐ.ടി., ബി.ടി., ലക്ഷ്മൺ സാവാദിക്ക് ഗതാഗതം എന്നീ വകുപ്പുകളാണ് നൽകിയത്.
മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയാണ് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ബി.ജെ.പി. സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ആർ. അശോക്, കെ.എസ്. ഈശ്വരപ്പ എന്നിവർക്ക് യഥാക്രമം റവന്യൂവും ഗ്രാമവികസന, പഞ്ചായത്ത് രാജും നൽകി. മുൻ മുഖ്യമന്ത്രി ജദഗീഷ് ഷെട്ടാറിനാണ് വൻകിട വ്യവസായം.
മല്ലേശ്വരം മണ്ഡലത്തിൽനിന്നു വിജയിച്ച അശ്വന്ത് നരായണാണ് കോൺഗ്രസ്-ജെ.ഡി.എസ്. എം.എൽ.എ.മാരെ അടർത്തിയെടുത്ത് സർക്കാരിനെ വീഴ്ത്തുന്നതിന് നേതൃത്വം നൽകിയത്. ഇതിനുള്ള പ്രത്യുപകാരമാണ് ഉപമുഖ്യമന്ത്രിസ്ഥാനമെന്നാണ് കരുതുന്നത്.
ബി.ജെ.പി.യിലെ ദളിത് നേതാവും മൂന്നുതവണ എം.എൽ.എ.യുമായ നേതാവാണ് ഗോവിന്ദ് കർജോൾ. ഓഗസ്റ്റ് 20-ന് സത്യപ്രതിജ്ഞചെയ്ത 17 മന്ത്രിമാർക്കും വകുപ്പുകൾ വിഭജിച്ചുനൽകി.
മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അടുത്ത അനുയായി ബസവരാജ് ബൊമ്മയ്ക്കാണ് ആഭ്യന്തരം. ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച ബി. ശ്രീരാമുലുവിന് ആരോഗ്യ കുടുംബക്ഷേമം ലഭിച്ചു. സർക്കാരിനെ പിന്തുണച്ച സ്വതന്ത്രൻ എച്ച്. നാഗേഷിന് പ്രധാന വകുപ്പായ എക്സൈസ് ലഭിച്ചു. ബി.ജെ.പി.യിൽ വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിന് തീരുമാനമായിട്ടുണ്ട്.
മൂന്നുപേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കും. ബി.ജെ.പി. ജനറൽ സെക്രട്ടറി അരവിന്ദ് ലിംബാവലി, ഉമേഷ് കട്ടി, ബാലചന്ദ്ര ജാർക്കിഹോളി എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി നിയമിച്ച നളിൻകുമാർ കട്ടീൽ ചൊവ്വാഴ്ച സ്ഥാനമേൽക്കും. ഇതിനുശേഷമായിരിക്കും മന്ത്രിമാരെ തീരുമാനിക്കുന്നത്.
മറ്റ് വകുപ്പ് മന്ത്രിമാർ ചുവടെ:
എസ്. സുരേഷ് കുമാർ – പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം
വി. സോമണ്ണ – പാർപ്പിടം
സി.ടി. രവി – വിനോദസഞ്ചാരം
കൊട്ട ശ്രീനിവാസ പൂജാരി – ഫിഷറീസ്, തുറമുഖം
ജെ.സി. മാധവസ്വാമി – നിയമം, പാർലമെന്ററി കാര്യം
സി.സി. പാട്ടീൽ – ഖനനം, ജിയോളജി, വാണിജ്യം
പ്രഭു ചൗഹാൻ – മൃഗസംരക്ഷണം
ശശികല ജോലെ – വനിത ശിശുക്ഷേമം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.