ബെംഗളൂരു: വിനോദസഞ്ചാരമേഖലയിലെ സംരംഭകരെയും സംഘാടകരെയും ഒരുകുടക്കീഴിൽ അണിനിരത്തി ബെംഗളൂരുവിൽ 114-ാം ഇന്ത്യ ഇന്റർനാഷനൽ ട്രാവൽമാർട്ടിന് തുടക്കമായി. 15 രാജ്യങ്ങളും കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളും ബെംഗളൂരു പാലസിൽ നടക്കുന്ന ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നുണ്ട്.
വിനോദസഞ്ചാരമേഖലയിലെ പുത്തൻ പ്രവണതകളെ ഈ രംഗത്തുപ്രവർത്തിക്കുന്നവരെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുകയാണ് ട്രാവൽമാർട്ടിന്റെ പ്രധാനലക്ഷ്യം. സ്വകാര്യമേഖലയിലെ നാനൂറ്റിയമ്പതിലേറെ സംരംഭകരുടെയും സാന്നിധ്യമുണ്ട്. കേരളത്തിൽനിന്നും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 24 സംരംഭകരാണ് പങ്കെടുക്കുന്നത്. റിസോർട്ട്, ഹോംസ്റ്റേ എന്നിവ നടത്തുന്ന ഏതാനും സംരംഭകർ സ്വന്തംനിലയിലും പ്രത്യേകസംവിധാനങ്ങളൊരുക്കി.
സംസ്ഥാനത്തെ വിവിധ ആഡംബര ഹോട്ടലുകളും മറ്റു പ്രമുഖസ്ഥാപനങ്ങളും കേരള ടൂറിസത്തിന്റെ പവലിയനിൽ ഇൻഫർമേഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്. വയനാട്ടിലെ ടൂറിസം മേഖലയിലെ സംരംഭകർ ചേർന്ന കൂട്ടായ്മയുടെ പവലിയനുകളും ശ്രദ്ധേയമാണ്. വയനാട് ഉൾപ്പെടെയുള്ള മലബാർ മേഖലയിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തരസഞ്ചാരികളെത്തുന്നത് ബെംഗളൂരുവിൽനിന്നാണ്. മികച്ച പ്രതികരണമാണ് കേരള ടൂറിസത്തിന്റെ പവലിയനുകളോട് നഗരത്തിലെ ട്രാവൽ ഏജന്റുമാരിൽനിന്നും വ്യവസായികളിൽനിന്നും ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വിപുലമായ പവലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. തെക്കൻ കൊറിയ, ശ്രീലങ്ക, മാലദ്വീപ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളും സജീവമാണ്. വിദേശത്തേക്ക് വിനോദസഞ്ചാരം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇത്തരം പവലിയനുകളിൽനിന്ന് ലഭിക്കും. പ്രദർശനം നാലിന് സമാപിക്കും. അടുത്തവർഷം ജനുവരി ഒമ്പതുമുതൽ 11 വരെ കൊച്ചിയിലും ഇന്ത്യ ഇന്റർനാഷനൽ ട്രാവൽ മാർട്ട് സംഘടിപ്പിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.