ന്യൂഡൽഹി:കോൺഗ്രസ് മുതിർന്ന നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ പത്തിനാണ് സിദ്ദു രാജിവെച്ചത്. രാഹുൽ ഗാന്ധിക്ക് നൽകിയ രാജിക്കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സിദ്ദു അതൃപ്തനായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സിദ്ദു തയാറായിരുന്നില്ല.
പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു.
പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയിൽ മാത്രം കെട്ടിവെയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ചു.
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്.
ഊർജവകുപ്പിന്റെ ചുമതലയാണ് സിദ്ദുവിന് പിന്നീട് നൽകിയത്. പക്ഷേ വകുപ്പിൽ പ്രധാന ചുമതലകളൊന്നും നിർവഹിക്കാൻ സിദ്ദു തയ്യാറായില്ല. തുടർന്നാണ് സിദ്ദു മന്ത്രി സ്ഥാനം രാജിവെയ്ക്കുന്നത്.