ബെംഗളൂരു: ടോൾ നിരക്കിൽ വർധന; ഇനി ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ ഗെയ്റ്റുകളിൽ അധിക നിരക്ക് നൽകണം. ജൂലായ് ഒന്നുമുതലാണ് ടോൾ നിരക്ക് വർധിക്കുന്നത്.
വാഹനങ്ങളനുസരിച്ച് അഞ്ചുമുതൽ പത്ത് രൂപവരെയാണ് വർധന. ഇതോടെ ബസ് ചാർജിലുൾപ്പെടെ മാറ്റമുണ്ടാകും. കർണാടക ആർ.ടി.സി. ബസുകളിൽ രണ്ടുമുതൽ മൂന്നുരൂപവരെ വ്യത്യാസമുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യബസുകളാണ് ഈ പാതയിലൂടെ കൂടുതലും സർവീസ് നടത്തുന്നത്.
ഒട്ടേറെ ഐ.ടി. സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇലക്ട്രോണിക് സിറ്റിയും അത്തിബലെയും. നഗരത്തിൽനിന്ന് നൂറുകണക്കിന് പേരാണ് ഈ പാതകളിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. ഇലക്ട്രോണിക് സിറ്റി ടോൾഗെയ്റ്റിൽ ഇരുചക്രവാഹനങ്ങളൊഴികെ മറ്റു വാഹനങ്ങൾ നിലവിൽ നൽകുന്നതിൽനിന്ന് അഞ്ചുരൂപയാണ് അധികം നൽകേണ്ടത്.
കാറുകൾക്കും വാനുകൾക്കും ഒരു ഭാഗത്തേക്ക് മാത്രം പോകുകയാണെങ്കിൽ 50 രൂപയാണ് പുതുക്കിയ നിരക്ക്. രണ്ടുഭാഗത്തേക്ക് കൂടി ഒന്നിച്ച് ടോളടയ്ക്കുമ്പോൾ 70 രൂപയാകും.
ലൈറ്റ് കോമേഴ്സ്യൽ വാഹനങ്ങൾ ( എൽ.സി.വി. ), മിനിബസുകൾ എന്നിവ ഒരുഭാഗത്തേക്ക് മാത്രം എഴുപതുരൂപയും രണ്ടഭാഗത്തേക്കുള്ള യാത്രയാണെങ്കിൽ 100 രൂപയുമാണ് നൽകേണ്ടത്.
ഇലക്ട്രോണിക് സിറ്റി ടോൾഗെയ്റ്റിൽ ഇരുചക്രവാഹനങ്ങൾക്ക് 580 രൂപയാണ് മാസ പാസുകൾക്കുള്ള പുതുക്കിയ നിരക്ക്. കാറുകൾക്കും വാനുകൾക്കും 1145 രൂപയും നൽകണം. അത്തിബലെയിൽ കാർ, വാൻ എന്നിവയ്ക്കുള്ള മാസ പാസിന് 870 രൂപയും മിനിബസുകൾക്ക് 1445 രൂപയുമാണ് നൽകേണ്ടത്.
തമിഴ്നാട് – കർണാടക അതിർത്തിയായ അത്തിബലെയിലൂടെ ഒട്ടേറെ അന്തസ്സംസ്ഥാനബസുകളും സർവീസ് നടത്തുന്നുണ്ട്. ട്രക്കുകൾക്കും ബസുകൾക്കും 135 രൂപയാണ് ഒരു വശത്തേക്കു മാത്രമുള്ള പുതുക്കിയ നിരക്ക്. രണ്ടുവശത്തേക്കും ചേർന്ന് ടോളടയ്ക്കുമ്പോൾ 205 രൂപയാകും.
അത്തിബെലെയിൽ കാറുകൾക്കും വാനുകൾക്കും 45 രൂപയാണ് പുതുക്കിയ നിരക്ക്. അതേസമയം ട്രക്കുകൾക്കും ബസുകൾക്കും ഒരു ഭാഗത്തേക്കുള്ള ടോളിൽ വർധനയുണ്ടായിട്ടില്ല. 95 രൂപയാണ് ടോൾ പരിഷ്കരണത്തിനുശേഷവും നൽകേണ്ടത്.
എന്നാൽ എർത്ത് മൂവറുകൾ ഉൾപ്പെടുന്ന വൻകിട വാഹനങ്ങളുടെ വിഭാഗത്തിന് ഒരു ഭാഗത്തേക്ക് 205 രൂപയാണ് നൽകേണ്ടത്.
സ്ഥിരം യാത്രക്കാർ മാസത്തിലെടുക്കുന്ന പാസുകൾക്കും നിരക്ക് വർധനയുണ്ട്. ബൈക്കുകൾക്ക് 20 രൂപയും കാറുകൾക്ക് 40 രൂപയും എൽ.സി.വി.കൾക്ക് 60 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 120 രൂപയുമാണ് വർധിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.