ചെന്നൈ സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരനെ 8 മണിക്കൂർ തടഞ്ഞുവച്ച് 45000 രൂപ തട്ടിയെടുത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്കടുത്ത്.

ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെ വീണ്ടും നാണക്കേടിലാഴ്ത്തുന്ന സംഭവം നടന്നത്.ചെന്നൈ സ്വദേശിയായ അനുരാഗ് ശർമ്മ (25) എന്ന ഇൻഫോസിസ് ജീവനക്കാരൻ നഗരത്തിൽ ഒരു വ്യക്തിപരമായ ചടങ്ങിലും ഔദ്യോഗിക മീറ്റിങ്ങിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു.എസ് ആർ എസ് ട്രാവൽസിന്റെ സ്വകാര്യ ബസ്സിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. രാത്രി 11:50 വരേണ്ട ബസിനെ കാത്ത് ബൊമ്മസാന്ദ്രയിൽ നിൽക്കുകയായിരുന്നു.

ഒരു ചെറിയ വാൻ അടുത്തു വരികയും അനുരാഗ് ശർമ്മയെ അതിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു, അവിടെ പുറത്ത് കാത്ത് നിന്നിരുന്ന രണ്ട് പേരും വാനിൽ കയറി. മെബൈലും പേഴ്സും ബലം പ്രയോഗിച്ച് കൈക്കലാക്കി.

ഒരാൾ ഇടിച്ചു മറ്റൊരാൾ ഇരുമ്പു വടി കൊണ്ട് കാലിനടിച്ചു, കട്ടിയുള്ള പുതപ്പു കൊണ്ട് ശരീരം മുഴുവൻ ചുറ്റി വണ്ടിക്കുള്ളിലിട്ടു.

അവർ തുടർച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയും എടിഎം കാർഡിന്റെ പിൻ നമ്പർ ആവശ്യപ്പെടുകയും ചെയ്തു എന്ന് അനുരാഗ് പറയുന്നു.

നൽകില്ല എന്നായപ്പോൾ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി.നാല് എ ടി എം കൗണ്ടറുകളിൽ നിർത്തി 45000 രൂപ പിൻവലിച്ചു.

അവസാനം ചന്ദാപുരക്ക് സമീപമുളള ഒരിടത്ത് അനുരാഗിനെ ഇറക്കി വിട്ടു. യുവാവ് അടുത്തുള്ള നാരായണാ ഹെൽത്ത് സിറ്റിയിൽ ചികിൽസ തേടി.

മൈസൂരു ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന അനുരാഗ് സ്വദേശമായ ചെന്നൈയിലേക്ക് ട്രാൻഫർ വാങ്ങി പോയതായിരുന്നു.

അതേസമയം അക്രമികളിൽ നാലിൽ മൂന്ന് പേരേയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.ഗണേഷ് (29), ശീധർ (30) ഉമേഷ് (25) എന്നിവരാണ് പിടിയിലായത്, മറ്റൊരു പ്രതിയായ വേണുവിനെ തേടുകയാണ്.

പരപ്പന അഗ്രഹാര ജയിലിൽ വച്ച് പരിചയപ്പെട്ട ഇവർ 4 പേരും ഈ ഏരിയയിലെ ഇത്തരത്തിലുള്ള കുറ്റങ്ങൾ ചെയ്തതിന് മുൻപും രണ്ടു പ്രാവശ്യം പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഒമ്നി വാനും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us