ബെംഗളൂരു: നഗരവികസനത്തിന് സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. നഗരത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ലക്ഷ്യമിട്ട് റോഡ് നവീകരണം, കുടിവെള്ളവിതരണ പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രഥമപരിഗണന നൽകുക.
50,000 കോടി രൂപയെങ്കിലും ഇതിനായി കണ്ടെത്തേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. മെട്രോ കാര്യക്ഷമാണെങ്കിലും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റു സംവിധാനങ്ങൾ കണ്ടെത്തേണ്ടിവരും. നഗരത്തിൽ മേൽപ്പാതകൾ നിർമിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതിനാൽ ഇവയിൽനിന്ന് പിന്മാറേണ്ട സ്ഥിതിയാണുള്ളത്.
വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതാണ് നഗരത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധികളിലൊന്ന്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നതോടെ പല അന്തരാഷ്ട്ര കമ്പനികളും നഗരംവിട്ട് മറ്റു പ്രദേശങ്ങളിൽ ഓഫീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിലും പ്രതിസന്ധികൾ നേരിടുന്നുണ്ട്. കുടിവെള്ളവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ പഴയ പൈപ്പുകൾ മുഴുവൻ മാറ്റാനാണ് തീരുമാനം. കടുത്തവേനലിലും നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ സമഗ്രമായ പദ്ധതികൾ ആവശ്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.