ന്യൂഡൽഹി: റാഫേൽ ഇടപാട് സംബന്ധിച്ച ഹർജികൾ തള്ളി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എഴുതിയ 29 പേജ് വരുന്ന ഉത്തരവിലെ ഇരുപത്തിയൊന്നാം പേജിലാണ് തെറ്റുകൾ കണ്ടത്. ഈ പേജിൽ പറയുന്നത് ഇങ്ങനെയാണ്…
പ്രതിരോധ ഇടപാടുകളുടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ടതുള്ളതിനാൽ വിമാനങ്ങളുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പാർലമെന്‍റിനെ പോലും അറിയിച്ചിട്ടില്ല എന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്. എന്നാൽ വിമാന വിലയുടെ വിശദാംശങ്ങൾ സർക്കാർ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സി.എ.ജി) പരിശോധിക്കാൻ നൽകിയിട്ടുണ്ട്. ഇതുപ്രകാരം സിഎജി തയ്യാറാക്കിയ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) പരിശോധിച്ചതാണ്.
എന്നാൽ അങ്ങനെയൊരു റിപ്പോർട്ട് സിഎജി നൽകിയിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ പി.എ.സി പറയുന്നത്. ഇത്തരത്തിലൊരു റിപ്പോർട്ടില്ലെന്ന് ഹർജിക്കാരായ പ്രശാന്ത് ഭൂഷണും അരുൺ ഷൂരിയും യശ്വന്ത് സിൻഹയും വ്യക്തമാക്കി.
തന്നെയുമല്ല,റാഫേല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പുറത്തു വിടണമെന്ന് കോൺഗ്രസ്സ് നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ. റാഫേൽ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെന്നും അങ്ങനെയൊരു റിപ്പോർട്ട് പിഎസി കണ്ടിട്ടില്ലെന്നും പറഞ്ഞ രാഹുൽ ഇടപാടിനെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റിലയൻസ് മേധാവി അനിൽ അംബാനിയും കുടുങ്ങുമെന്നും, കാവൽക്കാരൻ കള്ളനാണെന്നും നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച് രാഹുൽഗാന്ധി പറഞ്ഞു.
മോദി അംബാനിക്കു വേണ്ടി കളവ് നടത്തിയെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ മടിക്കുകയാണെന്നും ആവർത്തിച്ചു. എന്തിനാണ് യാതൊരു മുൻപരിചയവുമില്ലാത്ത അംബാനിയുടെ കമ്പനിക്കുവേണ്ടി മുപ്പതിനായിരം കോടിയുടെ കരാർ നൽകിയത്? മോദി പറഞ്ഞിട്ടാണ് റിലയൻസിന് കരാർ നൽകിയതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് മുൻ പറയുന്നു. സിഎജി റിപ്പോർട്ട് സമർപ്പിച്ചത് ഫ്രഞ്ച് പാർലമെൻറിൽ ആണോ എന്നും രാഹുൽ ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.