ബാംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് തലവേദനയായി ഉപതിരഞ്ഞെടുപ്പ്. മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുന്നത്.
ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കും നവംബര്‍ മൂന്നിനാണു തെരഞ്ഞെടുപ്പു നടക്കുക. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ബി.എസ്. യെദ്ദ്യൂയൂരപ്പ, ബി. ശ്രീമലുരു, സി.എസ്. പുട്ടരാജു എന്നിവര്‍ കഴിഞ്ഞ മേയില്‍ നിയമസഭയിലേക്കുതെരഞ്ഞെടുക്കപ്പെട്ടതോടെയാണു മൂന്നു ലോക്‌സഭാ സീറ്റുകള്‍ ഒഴിവു വന്നത്.
അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്സഭാ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നായിരുന്നു ജെഡിഎസ്, കോണ്‍ഗ്രസ്, ബിജെപി കക്ഷികളുടെ പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് വെറും നാലുമാസത്തേയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ് കര്‍ണാടകയിലെ രാഷ്ട്രീയപാര്‍ട്ടികള്‍.
വെറും നാലുമാസക്കാലത്തേക്കു വേണ്ടി മാത്രം ലോക്‌സഭ ഉപതെരഞ്ഞെടുപ്പു നടത്തുന്നതിലെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണു പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. ഇത്രയും ചെറിയ കാലയളവിലേക്കു മല്‍സരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നു നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം, ബിജെപി ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ രണ്ടു ലോക്‌സഭാ സീറ്റുകള്‍ കൈവശമുള്ള ബിജെപി ഷിമോഗയിലേക്കു തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. യെദ്ദ്യൂയൂരപ്പയുടെ മകനും മുന്‍ എംപിയുമായ ബി.വൈ. രാഘവേന്ദ്രയാണു ബിജെപിയുടെ സ്ഥാനാര്‍ഥി. കൂടാതെ, ബെല്ലാരിയിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് ബിജെപി ബി. ശ്രീരാമുലുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
മാണ്ഡ്യ സീറ്റില്‍ ബിജെപിയ്ക്ക് വലിയ സ്വാധീനമില്ലെങ്കിലും ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇവിടെ വോട്ടാക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. ജെഡിഎസിന്‍റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യ തങ്ങള്‍ക്കുതന്നെ വേണമെന്ന് അവര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാണ്ഡ്യയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണോ, ജെഡിഎസിനെ പിന്തുണയ്ക്കണോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസില്‍ ഇപ്പോഴും തുടരുകയാണ്.
കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മരണം, രാമനഗര മണ്ഡലത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജി എന്നിവ മൂലം നിയമസഭാ സീറ്റുകളിലും ഒഴിവുവന്നു. രണ്ടു സീറ്റുകളില്‍ വിജയിച്ച കുമാരസ്വാമി രാമനഗരയുടെ പ്രാതിനിധ്യം രാജിവയ്ക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.