ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി. ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്.
1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും.നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം.
ഗ്രാന്റ് ഫിനാലെയില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ അരിസ്റ്റോ സുരേഷ് ആയിരുന്നു ആദ്യം പുറത്തായത്. അഞ്ച് പേരില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് സുരേഷിനായിരുന്നു. പിന്നാലെ ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവരും പുറത്തായി. അവശേഷിച്ച പേളി, സാബു എന്നിവരില്‍ സാബുവിനായിരുന്നു പ്രേക്ഷക പിന്തുണ കൂടുതല്‍.
ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിരുന്നു. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും എത്തി. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെയുടെ ഭാഗമായി നടന്നത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു.
മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുമായെത്തിയ ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്ന് ഫിനാലെ വേദിയില്‍ എത്തിയ സ്റ്റാര്‍ സൗത്ത് എംഡി കെ മാധവന്‍ പറഞ്ഞു. വാരാന്ത്യ വോട്ടിംഗില്‍ 30 ലക്ഷത്തില്‍ തുടങ്ങിയ ഷോ ഫൈനല്‍ വാരത്തിലെത്തുമ്പോള്‍ ആകെ വോട്ട് 5.12 കോടിയിലെത്തി. ഈ വിജയത്തില്‍ ലോകമെങ്ങുമുള്ള മലയാളികളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.