തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ദാരുണ അന്ത്യത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം ‘മുട്ടയേറ്’ ആണെന്ന സംശയം ശക്തമാകുന്നു. അപകടം നടന്ന അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തുനൽകി. കെഎസ്ആർടിസിയും വിഷയത്തിൽ കർണാടക പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും 20 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഈ ദുരന്തം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ഓടെ കാസർകോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസിന് നേരെയും ആക്രമണമുണ്ടായത്. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ബസിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുകയായിരുന്നു. എന്നാൽ, ഡ്രൈവർ വി. സുരേഷിന്റെ മനസ്സാന്നിധ്യം വലിയൊരു വൻ അപകടം ഒഴിവാക്കി.
മുട്ട വീഴുമ്പോൾ വൈപ്പർ ഉപയോഗിച്ചാൽ അതിലെ പ്രോട്ടീൻ കാരണം ഗ്ലാസ് മുഴുവൻ മങ്ങി കാഴ്ച പൂർണ്ണമായും മറയുന്ന തന്ത്രമാണ് സാധാരണയായി കൊള്ളസംഘങ്ങൾ ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കിയ ഡ്രൈവർ സുരേഷ്, വൈപ്പർ ഉപയോഗിക്കാതെ ബസ് ഒന്നര കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച് വെളിച്ചമുള്ള സുരക്ഷിതമായ സ്ഥലത്ത് നിർത്തുകയായിരുന്നു. കാഴ്ച മറിച്ച് അപകടമുണ്ടാക്കിയ ശേഷം കവർച്ച നടത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു.
ബെംഗളൂരു-മൈസൂരു പാതയിലും മാനന്തവാടി, സുൽത്താൻബത്തേരി പാതകളിലും സമാനമായ രീതിയിൽ വ്യാജ അപകടങ്ങളുണ്ടാക്കിയും മുട്ടയെറിഞ്ഞും വാഹനങ്ങൾ കൊള്ളയടിക്കുന്ന സംഘങ്ങൾ സജീവമാണെന്ന് മലയാളി യാത്രക്കാർ നേരത്തെയും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത്, മുൻപ് നടന്ന അപകടത്തിന് പിന്നിലും ഡ്രൈവറുടെ കാഴ്ച മറിച്ച് അട്ടിമറി നടത്താനുള്ള ശ്രമമുണ്ടായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്ന് മന്ത്രി സി.പി. ജോൺ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]