ബെംഗളൂരു: കലാശിപാളയത്ത് കവർച്ച പതിവായതിനെ തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കുന്നു. പുലർച്ചെ ബസിറങ്ങുന്നവർ പലപ്പോഴും കവർച്ചയ്ക്കിരയാകുന്ന സാഹചര്യത്തിലാണ് പൊലീസ് രാത്രി പട്രോളിങ് ഊർജിതമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പത്തിലധികം കവർച്ചകളാണ് ഇത്തരത്തിൽ നടന്നത്.
പൊലീസ് ആണെന്നും ബാഗ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് മിക്ക കവർച്ചകളും അരങ്ങേറിയത്. പലരും പരാതി നൽകാൻ മടിക്കുന്നതും കവർച്ചാ സംഘങ്ങൾക്ക് തുണയായി. തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലവിലുണ്ടായിരുന്നപ്പോൾ പൊലീസ് പട്രോളിങ് ശക്തമാക്കിയതിനാൽ കവർച്ചകൾ കുറവായിരുന്നു. നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ കലാശിപാളയത്ത് കവർച്ച പെരുകുമ്പോഴും കുറ്റവാളികളെ കണ്ടെത്താനാവാതെ പൊലീസ് വലയുന്നു.
തൊഴിൽ തേടിയും മറ്റും നഗരത്തിൽ ആദ്യമായി എത്തുന്നവരാണ് കവർച്ചയ്ക്കിരയാകുന്നവരിൽ ഏറെയും. പരാതികളിൽ നടപടിയെടുക്കാൻ പൊലീസ് മടിക്കുന്നതാണ് കവർച്ച പെരുകുന്നതിന് ഇടയാക്കുന്നതെന്നും ആരോപണമുണ്ട്.പൊലീസ് സ്ഥാപിച്ച സിസിടിവികളിൽ പലതും പ്രവർത്തന രഹിതമാണ്.കവർച്ചക്കാരെത്തുന്ന ബൈക്കുകൾ ഏറെയും മോഷ്ടിച്ചതും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതുമാണ്.
പൊലീസ് പിടിയിലാകുമെന്നു തോന്നിയാൽ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.കലാശിപാളയത്തെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ബസിറങ്ങുന്നവരെയാണ് കവർച്ചസംഘങ്ങൾ നോട്ടമിടുന്നത്. പണവും മൊബൈലും അടക്കം കവരുന്ന സംഘങ്ങളെ തടയാൻ ശ്രമിച്ചാൽ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയാണ് പതിവ്.
രാവിലെ കെആർ മാർക്കറ്റിൽ പച്ചക്കറിയും പൂക്കളും വിൽക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്.