സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

ബെംഗളൂരു: കർണാടകയിലെ ഗ്രാമീണ മേഖലകളിൽ തൊഴിലില്ലായ്മയും പ്രാദേശിക അസമത്വങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ 35 വയസ്സിന് താഴെയുള്ള യുവാക്കളിൽ ഏകദേശം 23 ശതമാനം പേർക്കും നിലവിൽ ജോലിയോ, ഉചിതമായ വിദ്യാഭ്യാസമോ, നൈപുണ്യ പരിശീലനമോ ലഭിക്കുന്നില്ലെന്ന് പുതുതായി പുറത്തിറങ്ങിയ ‘കർണാടക സ്റ്റേറ്റ് ഹാൻഡ്‌ബുക്ക് ഓൺ യൂത്ത് ഓപ്പർച്യുനിറ്റി’ വ്യക്തമാക്കുന്നു. ഫ്യൂച്ചർ ഓഫ് ഇന്ത്യ ഫൗണ്ടേഷൻ തയ്യാറാക്കിയ ഈ റിപ്പോർട്ട്, ഗ്രാമീണ ജില്ലകളിൽ തൊഴിലവസരങ്ങളുടെ അഭാവവും പരിമിതമായ നൈപുണ്യ വികസന സൗകര്യങ്ങളുമാണ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് ഗ്രാമങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് വൻതോതിലുള്ള കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്.

വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, അവസരങ്ങൾ, ജോലി, തൊഴിൽ ശക്തി പങ്കാളിത്തം എന്നീ അഞ്ച് പാരാമീറ്ററുകളെ മുൻനിർത്തി, 27 സർക്കാർ ഡാറ്റാബേസുകളിൽ നിന്നുള്ള 180 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ജില്ല തിരിച്ചുള്ള “യൂത്ത് പവർ” സ്കോർകാർഡ് പഠനം നടത്തിയത്. ദേശീയ ശരാശരിയായ 50 നേക്കാൾ നേരിയ കുറവോടെ, മൊത്തത്തിലുള്ള അവസര സൂചികയിൽ കർണാടക 48.5 പോയിന്റാണ് നേടിയത്. എന്നാൽ സംസ്ഥാനത്തിനുള്ളിലെ പ്രാദേശിക അസമത്വങ്ങൾ വളരെ വലുതാണ്. 65 പോയിന്റുമായി ബംഗളൂരു അർബൻ റാങ്കിംഗിൽ ഒന്നാമതെത്തിയപ്പോൾ 42 പോയിന്റ് മാത്രം ലഭിച്ച യാദ്ഗിർ ജില്ലയാണ് ഏറ്റവും പിന്നിൽ. ബംഗളൂരു കേന്ദ്രീകരിച്ച് മാത്രം ഔപചാരിക മേഖലയിലെ ജോലികൾ ഒതുങ്ങുന്നത് സംസ്ഥാന തലസ്ഥാനത്തിന്മേലുള്ള ജനസംഖ്യാ സമ്മർദ്ദം വർധിപ്പിക്കുന്നു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ യുവാക്കളിൽ 42 ശതമാനം പേർ തൊഴിൽ സേനയുടെ ഭാഗമാണ്. 35 ശതമാനം പേർ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏർപ്പെട്ടിരിക്കുമ്പോൾ, 44 ശതമാനത്തോളം പേർക്ക് മാത്രമാണ് സ്ഥിരം ശമ്പളമുള്ള ജോലിയുള്ളത്. സംസ്ഥാനത്തെ യുവാക്കളുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 2017-18ൽ 15.8 ശതമാനം ആയിരുന്നത് 2025 ആയപ്പോഴേക്ക് 8.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും, കടുത്ത ലിംഗപരമായ അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

സംസ്ഥാനത്തെ 31 ജില്ലകളിൽ 20 എണ്ണത്തിലും സ്ത്രീകൾക്ക് മാർക്കറ്റുകൾ സന്ദർശിക്കുന്നതിനോ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനോ പോലുമുള്ള അവശ്യ യാത്രകൾക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ‘ശക്തി’ സൗജന്യ യാത്രാ പദ്ധതി പോലുള്ള സംരംഭങ്ങൾ നിലവിലുണ്ടായിട്ടും, നാലിൽ ഒരു യുവതി മാത്രമാണ് തൊഴിൽ സേനയുടെ ഭാഗമാകുന്നത്. വനിതാ ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമാണെന്നത് ആശങ്കാജനകമാണ്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക പരിശീലന ശൃംഖലകളിലൊന്നായ കർണാടകയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐടിഐ) ഇൻസ്ട്രക്ടർ തസ്തികകളിൽ പകുതിയോളവും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ, രജിസ്റ്റർ ചെയ്ത സംരംഭങ്ങളിൽ 25 ശതമാനം മാത്രമാണ് അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ നൽകുന്നത്. ഇത് കലബുറുഗി, ബാഗൽകോട്ട്, ബീദർ, ദാവൻഗരെ തുടങ്ങിയ ജില്ലകളിൽ വിദ്യാർത്ഥികളുടെ ഉയർന്ന കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. മൈസൂരു, ഉഡുപ്പി ഉൾപ്പെടെയുള്ള ജില്ലകളിൽ ബാങ്ക് വായ്പകൾ കൃഷി, വ്യവസായം, വ്യാപാരം എന്നിവയെ പിന്തുണക്കുന്നതിനുപകരം വ്യക്തിഗത ഉപഭോഗത്തിലേക്കാണ് പോകുന്നത്. ഇത് പ്രാദേശിക സംരംഭ വികസനത്തിനും തൊഴിലവസര സൃഷ്ടിക്കുമുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നു.

ഈ വലിയ അവസര വിടവ് പരിഹരിക്കുന്നതിനായി, നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ബംഗളൂരുവിന് പുറത്തേക്ക് തൊഴിലവസരങ്ങൾ വ്യാപിപ്പിക്കുക എന്നിവയ്ക്കൊപ്പം ജില്ലാ തലത്തിൽ യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രത്യേക നയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts