ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണ സാധനം മാറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഐടി ജീവനക്കാരായ രണ്ട് യുവാക്കളെ റസ്റ്റോറന്റ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഡോമിനോസ് പിസ്സ ഔട്ട്‌ലെറ്റിലാണ് സംഭവം. പരിക്കേറ്റ ബി.ഇ.എം.എൽ ലേഔട്ടിൽ താമസിക്കുന്ന ഐടി പ്രൊഫഷണലായ സിദ്ധാർത്ഥ ശൗര്യ (33), അദ്ദേഹത്തിന്റെ അളിയൻ എന്നിവരെ മർദ്ദിച്ച സംഭവത്തിൽ നാല് റസ്റ്റോറന്റ് ജീവനക്കാർക്കെതിരെ വൈറ്റ്ഫീൽഡ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 12.55-ഓടെയാണ് സിദ്ധാർത്ഥ ശൗര്യ ഈ ഔട്ട്‌ലെറ്റിൽ നിന്നും ഓൺലൈൻ വഴി ‘വെജ് ഗാർലിക് ബ്രെഡും’ ‘വെജ് ടാക്കോ മെക്സിക്കാനയും’ ഓർഡർ ചെയ്തത്. എന്നാൽ ഡെലിവറി ലഭിച്ചപ്പോൾ വെജിറ്റേറിയൻ ഭക്ഷണത്തിന് പകരം നോൺ-വെജിറ്റേറിയൻ ടാക്കോ മെക്സിക്കാനയാണ് ഇവർക്ക് ലഭിച്ചത്. ഓർഡർ മാറിയതിനെക്കുറിച്ച് ചോദിക്കാനും ഭക്ഷണം തിരികെ നൽകാനുമായി സിദ്ധാർത്ഥയും അളിയനും നേരിട്ട് ഔട്ട്‌ലെറ്റിൽ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. ഈ സമയം കടയിലുണ്ടായിരുന്ന നാല് ജീവനക്കാർ തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്ന് യുവാക്കൾ പറയുന്നു.
മാറി നൽകിയ നോൺ-വെജ് ഭക്ഷണം തെളിവായി പോലീസിന് കൈമാറുമെന്ന് സിദ്ധാർത്ഥ പറഞ്ഞതോടെ ജീവനക്കാർ യുവാവിന്റെ കൈയിൽ നിന്നും ഭക്ഷണപ്പൊതി ബലമായി പിടിച്ചെടുക്കാൻ ശ്രമിക്കുകയും തർക്കത്തിനിടയിൽ ഒരാൾ സിദ്ധാർത്ഥയുടെ മുഖത്തടിക്കുകയും ചെയ്തു. എന്തിനാണ് മർദ്ദിക്കുന്നതെന്ന് ചോദിച്ചതോടെ മറ്റൊരു ജീവനക്കാരൻ ഇരുമ്പ് വടിയുമായി ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള ആദ്യ അടി സിദ്ധാർത്ഥയുടെ അളിയന്റെ നെഞ്ചത്താണ് കൊണ്ടത്. തുടർന്ന് ജീവനക്കാരൻ സിദ്ധാർത്ഥയുടെ തലയ്ക്ക് നേരെ ശക്തമായി അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ സിദ്ധാർത്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലെ മുറിവ് ഉണങ്ങാനായി ഡോക്ടർമാർക്ക് 13 ഓളം സർജിക്കൽ സ്റ്റേപ്പിളുകൾ ഇടേണ്ടി വന്നു.
ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജീവനക്കാരെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധാർത്ഥയെ എം.ആർ.ഐ സ്കാനിങ്ങിന് വിധേയനാക്കി. ആന്തരിക പരിക്കുകൾ ഇല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെങ്കിലും പിന്നീട് കടുത്ത തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. സംഭവത്തിൽ സിദ്ധാർത്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനിവാസ് എന്ന ജീവനക്കാരനും മറ്റ് രണ്ട് പേർക്കുമെതിരെ വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തു. റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
