‘ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും’; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ബെംഗളൂരു: സംസ്ഥാനത്ത് നികുതി വെട്ടിപ്പ് പൂർണ്ണമായും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും എന്നാൽ നികുതി കൃത്യമായി അടയ്ക്കുന്ന സത്യസന്ധരായ പൗരന്മാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്നും ഉപമുഖ്യമന്ത്രി (മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ട്) ഡി.കെ. ശിവകുമാർ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. വിധാൻ സൗധയിൽ നടന്ന വാണിജ്യ നികുതി വകുപ്പിന്റെ പുരോഗതി വിലയിരുത്തൽ യോഗത്തിലാണ് അദ്ദേഹം ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. നികുതി പിരിവിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ താൻ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശരിയായ അക്കൗണ്ട് രേഖകളോ ആവശ്യമായ മറ്റ് ഡോക്യുമെന്റേഷനുകളോ ഇല്ലാതെ ഒരു ചരക്ക് വാഹനം പോലും സംസ്ഥാന അതിർത്തിയോ ചെക്ക്‌പോസ്റ്റുകളോ കടന്നുപോകാൻ അനുവദിക്കരുത്. നികുതി ചോർച്ച പൂർണ്ണമായി അടയ്ക്കുക എന്നതായിരിക്കണം വകുപ്പിന്റെ അടിസ്ഥാന തത്വം. അയൽ സംസ്ഥാനങ്ങളിലെ വാണിജ്യ നികുതി വകുപ്പുകളുമായും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായും മികച്ച ഏകോപനം ഉറപ്പാക്കണം. വിവരങ്ങൾ പരസ്പരം പങ്കുവെച്ചും സംയുക്ത പരിശോധനകൾ നടത്തിയും അന്തർസംസ്ഥാന നികുതി വെട്ടിപ്പുകൾ തടയണം. നിലവിൽ 12 ലക്ഷത്തോളം വരുന്ന നികുതിദായകരുടെ വിവരങ്ങൾ ലഭ്യമാണെന്നും, ആധുനിക സാങ്കേതികവിദ്യയും ഡാറ്റാ അനലിറ്റിക്സും പ്രയോജനപ്പെടുത്തി ഇവ 360 ഡിഗ്രിയിൽ വിശകലനം ചെയ്താൽ നിശ്ചയിച്ച നികുതി ലക്ഷ്യത്തിനപ്പുറം നേട്ടമുണ്ടാക്കാൻ വകുപ്പിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

അതേസമയം, നികുതി ഈടാക്കുന്നതിന്റെ പേരിൽ വ്യാപാരികളെയും സാധാരണക്കാരെയും അനാവശ്യമായി പീഡിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സത്യസന്ധരായ നികുതിദായകരെ വിശ്വാസത്തിലെടുക്കുകയും അവരെ മാന്യമായി പരിഗണിക്കുകയും വേണം. നികുതിദായകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനൊപ്പം അവരുടെ തർക്കങ്ങളും സംശയങ്ങളും ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈനായി വേഗത്തിൽ തീർപ്പാക്കാനുള്ള പൗരസൗഹൃദ സംവിധാനം സംസ്ഥാനത്ത് വികസിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഇതിന് വിരുദ്ധമായി നികുതിദായകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെയും, നികുതി പിരിവ് ലക്ഷ്യം കൈവരിക്കുന്നതിൽ മനഃപൂർവ്വം പിന്നാക്കം നിൽക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും. മൈസൂർ ഡിവിഷനിലെ നികുതി പിരിവിലെ ഇടിവിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സാങ്കേതിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ഒഴിവുകഴിവ് ബോധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിക്കിടക്കുന്ന അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം.

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

വ്യാജ കമ്പനികൾ സ്ഥാപിച്ച് വ്യാജ ഇൻവോയ്‌സുകളും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും (ITC) ചമച്ച് തട്ടിപ്പ് നടത്തുന്ന വലിയ വെല്ലുവിളിയെ വകുപ്പ് ഫലപ്രദമായി നേരിടുന്നുണ്ട്. ഇത്തരത്തിൽ പ്രവർത്തിച്ച വ്യാജ കമ്പനികളെ കണ്ടെത്തി 166 കോടി രൂപ ഇതിനകം സമാഹരിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാർക്കെതിരെയുള്ള അറസ്റ്റ് നടപടികൾ വർദ്ധിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഐ.ഐ.ടി ഹൈദരാബാദുമായി സഹകരിച്ച് വികസിപ്പിച്ച ജി.എസ്.ടി അനലിറ്റിക്കൽ പോർട്ടൽ വഴി വലിയ തട്ടിപ്പുകൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്.

നിലവിൽ ജി.എസ്.ടി പിരിവിൽ സംസ്ഥാനം 9 ശതമാനം വളർച്ചയോടെ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് (5%), മഹാരാഷ്ട്ര (5%), തമിഴ്‌നാട് (7%), ഉത്തർപ്രദേശ് (8%) എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടമാണിത്. തെലങ്കാനയാണ് 10 ശതമാനം വളർച്ചയോടെ ഒന്നാം സ്ഥാനത്തുള്ളത്. കർണാടകയ്ക്ക് നിലവിലുള്ളതിന്റെ ഇരട്ടി നികുതി പിരിക്കാനുള്ള ശേഷിയുണ്ടെന്നും നിയമവിരുദ്ധമായ ഒന്നിനും കൂട്ടുനിൽക്കാതെ കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും സംസ്ഥാനത്തെ ജി.എസ്.ടി പിരിവിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും അടുത്ത അവലോകന യോഗത്തിന് മുൻപായി ഈ നിർദേശങ്ങൾ പ്രാവർത്തികമാക്കണമെന്നും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts