ബെംഗളൂരു : യാത്രക്കാരെ പിഴിയുന്ന ഓട്ടോറിക്ഷകൾക്കെതിരെ ട്രാഫിക് പൊലീസിന്റെ വ്യാപക പരിശോധന. അമിതകൂലി ആവശ്യപ്പെടുകയും ഓട്ടം പോകാൻ വിസമ്മതിക്കുകയും ചെയ്ത ഡ്രൈവർമാർക്കാണ് പിടിവീണത്. വിവിധ ട്രാഫിക് സ്റ്റേഷൻ പരിധികളിലായി ഇരുനൂറിലേറെ ഓട്ടോറിക്ഷകളാണ് പിടിച്ചെടുത്തത്.
കോടതിയിൽ 2000 രൂപ പിഴയടച്ചാലേ ഈ വാഹനങ്ങൾ വിട്ടു കൊടുക്കുകയുള്ളു എന്നു പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പരാതികൾ വ്യാപകമായ കെആർ പുരം, ജയനഗർ, ബസവനഗുഡി, വിവി പുരം, മാഗഡി റോഡ്, അഡുഗോഡി, കോറമംഗല ഭാഗങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്.
വിവിധ സ്റ്റേഷൻ പരിധികളിൽ പിടിച്ചെടുത്ത ഓട്ടോറിക്ഷകളുടെ ചിത്രങ്ങൾ ട്രാഫിക് പൊലീസ് ഫെയ്സ്ബുക്, ട്വിറ്റർ പേജുകളിൽ പങ്കുവച്ചു. ഇതോടെ സമാനമായ നൂറുകണക്കിനു പരാതികളാണ് പേജുകളിലൂടെ ലഭിച്ചത്.
ഓല–ഊബർ ടാക്സികള് ധാരാളമുണ്ടെങ്കിലും ബെംഗളൂരുവിലെ ലക്ഷക്കണക്കിനാളുകൾ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നുണ്ട്. ഇവർ പലപ്പോഴും ഓട്ടോ ഡ്രൈവർമാരുടെ അമിത കൊള്ളയ്ക്ക് ഇരയാകുന്നു. സമീപകാലത്തു ബെംഗളൂരുവിൽ മഴ പതിവായതിനാൽ മീറ്റർ ചാർജിന്റെ പല മടങ്ങ് തുകയാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. മീറ്റർ പ്രവർത്തിപ്പിക്കാൻ പറഞ്ഞാൽ യാത്രക്കാരോട് തട്ടിക്കയറും.
പല സ്ഥലങ്ങളിലേക്കും ബിഎംടിസി ബസ് സർവീസുകൾ കാര്യക്ഷമം അല്ലാത്തതും ഓട്ടോക്കാർക്കു ഗുണമാകുന്നു. മാളുകൾ, റെയിൽവേ–മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിരക്കു കൊള്ള വ്യാപകം.
പല റെയിൽവേ സ്റ്റേഷനുകളിലും പ്രീ–പെയ്ഡ് കൗണ്ടറുകൾ ഉണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ ഇവിടെ പ്രീ–പെയ്ഡ് ഓട്ടോറിക്ഷകൾ കുറവായിരിക്കും. എന്നാൽ സ്റ്റേഷനു പുറത്ത് അമിത നിരക്ക് ഈടാക്കി യാത്ര പോകാൻ റെഡിയായി നൂറുകണക്കിന് ഓട്ടോകളുണ്ടാകും. അതേസമയം, ഓട്ടോറിക്ഷ ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെട്ടാൽ പരാതി നൽകാൻ മടിക്കരുതെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.