തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം കൈവരിക്കുകയും എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിൽ, ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് നടി ലക്ഷ്മിപ്രിയ. ക്രൈസ്തവ സഭകളെ പ്രീണിപ്പിക്കുന്ന നിലപാട് ബിജെപി അവസാനിപ്പിക്കണമെന്നും പകരം ഹിന്ദു സമുദായ നേതാക്കളെ കാണാൻ തയ്യാറാകണമെന്നും ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇനിയെങ്കിലും അച്ചന്മാരുടെ അരമനകളുടെ തിണ്ണ നിരങ്ങാൻ പോകരുത്. പകരം ഹിന്ദു കമ്മ്യൂണിറ്റികളുടെ നേതാക്കളെ കാണണം,” ലക്ഷ്മിപ്രിയ കുറിച്ചു. എത്രയൊക്കെ ചേർത്തുപിടിച്ചാലും ഉരുട്ടിക്കൊടുത്താലും ക്രൈസ്തവ വിഭാഗം ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അനൂപ് ആന്റണി, ഷോൺ ജോർജ്, പി.സി. ജോർജ് എന്നിവരുടെ പരാജയം ഇതിന് തെളിവാണെന്നും താരം ചൂണ്ടിക്കാട്ടി.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് 102 സീറ്റുകളുടെ ബഹുഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചത്. എൽഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, എൻഡിഎ മൂന്ന് സീറ്റുകളിൽ വിജയിച്ചു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഇക്കുറി ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. എന്നാൽ മറ്റിടങ്ങളിൽ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി നയങ്ങളിൽ മാറ്റം വേണമെന്ന ആവശ്യവുമായി ബിജെപി അനുഭാവിയായ ലക്ഷ്മിപ്രിയ രംഗത്തെത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]