ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ ‘എസ്.ഡബ്ല്യു.എം’ ചട്ടങ്ങൾ ഇങ്ങനെ

ബെംഗളൂരു: രാജ്യത്തെ മാലിന്യസംസ്കരണ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ‘സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് (SWM) ചട്ടങ്ങൾ 2026’ നടപ്പിലാക്കാൻ സജ്ജമായി നഗരസഭകൾ. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമമനുസരിച്ച് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ നിർബന്ധമായും നാലായി തരംതിരിക്കണം. നിലവിലുണ്ടായിരുന്ന നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവയ്ക്ക് പുറമെ ‘സ്പെഷ്യൽ കെയർ വേസ്റ്റ്’ (Special Care Waste) എന്ന നാലാമതൊരു വിഭാഗം കൂടി ഉൾപ്പെടുത്തിയാണ് പുതിയ പരിഷ്കാരം.

പെയിന്റ് കാനുകൾ, ബൾബുകൾ, മെർക്കുറി തെർമോമീറ്ററുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ തുടങ്ങിയ അപകടകരമായ ഗാർഹിക മാലിന്യങ്ങളാണ് നാലാമത്തെ വിഭാഗത്തിൽ വരുന്നത്. പുതിയ നിയമം നടപ്പിലാക്കാൻ 18 മാസം സമയപരിധി അനുവദിച്ചിട്ടുണ്ടെങ്കിലും സിലിക്കൺ സിറ്റിയായ ബെംഗളൂരു ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) കഴിഞ്ഞ ഏപ്രിൽ 18-ന് റെസിഡന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾക്കായി പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. പുതിയ സംവിധാനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ആദ്യ ഘട്ടമെന്ന് അധികൃതർ വ്യക്തമാക്കി.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ‘എക്സ്റ്റെൻഡഡ് ബൾക്ക് വേസ്റ്റ് ജനറേറ്റർ റെസ്‌പോൺസിബിലിറ്റി’ (EBWGR) എന്ന ആശയമാണ്. 20,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, പ്രതിദിനം 40,000 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, 100 കിലോയിലധികം മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഇടങ്ങൾ എന്നിവയെ ‘ബൾക്ക് വേസ്റ്റ് ജനറേറ്റർ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും മാലിന്യത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുകയും വേണം. മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നവർക്ക് ഇതിലൂടെ വരുമാനം ലഭിക്കാവുന്ന ‘ക്രെഡിറ്റ്’ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

പദ്ധതികൾ കടലാസിൽ മനോഹരമാണെങ്കിലും പ്രായോഗിക തലത്തിൽ നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നതായി ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. മാലിന്യം തരംതിരിക്കാനുള്ള കൃത്യമായ സംവിധാനങ്ങളും ശാസ്ത്രീയമായ സംസ്കരണ പ്ലാന്റുകളും ഇനിയും പൂർണ്ണമായി സജ്ജമായിട്ടില്ലെന്ന് ബെംഗളൂരു അപ്പാർട്ട്മെന്റ് ഫെഡറേഷൻ ഭാരവാഹികൾ ആരോപിക്കുന്നു. കൂടാതെ, ഇ-കൊമേഴ്സ് കമ്പനികൾ അയക്കുന്ന പായ്ക്കിംഗ് സാമഗ്രികൾ തിരിച്ചെടുക്കാനുള്ള സംവിധാനം വേണമെന്നും ആമസോൺ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും റെസിഡന്റ് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു.

മാലിന്യ സംസ്കരണ മേഖലയിലെ താഴെത്തട്ടിലുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. വീടുകളിൽ നിന്ന് മാലിന്യം തരംതിരിക്കാതെ നൽകുമ്പോൾ അത് സ്വൈര്യമായി വേർതിരിക്കേണ്ടി വരുന്നത് ശുചീകരണ തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി തൊഴിലാളി യൂണിയനുകൾ പരാതിപ്പെടുന്നു. തൊഴിലാളികൾക്ക് നേരിട്ട് ശമ്പളം നൽകണമെന്നും കരാർ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധത്തിലാണ്. മാലിന്യ നിർമ്മാർജ്ജനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ജനങ്ങൾ സ്വയം മാലിന്യം വേർതിരിക്കാൻ സന്നദ്ധരാവുകയും ചെയ്താൽ മാത്രമേ പുതിയ ചട്ടങ്ങൾ പൂർണ്ണമായി വിജയിക്കുകയുള്ളൂ.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts