ബെംഗളൂരു : തീവ്രഹിന്ദു സംഘടനകളുടെ നേതാക്കളായ നാലു പേരാണ് ഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ ആസൂത്രകരെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി). ഇവരിൽ കരസേനയിൽനിന്നു വിരമിച്ച കേണലും ഉൾപ്പെടുന്നതായി സൂചനയുണ്ട്. കസ്റ്റഡിയിലുള്ള സനാതൻ സംസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന പ്രവർത്തകരും കേസിലെ മുഖ്യപ്രതികളുമായ ആറു പേരെ ചോദ്യം ചെയ്തതിൽനിന്നാണ് തലപ്പത്തുള്ളവരുടെ പേരുകൾ പുറത്തുവന്നത്. പുണെ സ്വദേശി അമോൽ കാലെയെ ദൗത്യം ഏൽപിച്ച ഇവർക്കായി വലവിരിച്ചിട്ടുണ്ടെന്നും എസ്ഐടി പറഞ്ഞു.
ഗൗരിയെ കൂടാതെ പുരോഗമനവാദികളായ 36 പേരെ വധിക്കാൻ പദ്ധതിയിട്ട ഗൂഢാലോചനയുടെ ചുക്കാൻ പിടിച്ചത് ഇവരാണെന്ന കണ്ടെത്തലിലാണ് കേസ് അന്വേഷണം എത്തിനിൽക്കുന്നത്. അമോൽ കാലെയെ കൂടാതെ പരശുറാം വാഗ്മർ, പ്രവീൺ എന്ന സുജിത്ത് കുമാർ, അമിത് ദേഗ്വേക്കർ, മനോഹർ ഇവ്ഡെ, കെ.ടി. നവീൻ കുമാർ എന്നിവരെയാണ് ചോദ്യം ചെയ്തുവരുന്നത്. അമോൽ കാലെയാണ് വധത്തിനു പിന്നിലെ മുഖ്യ ആസൂത്രകൻ എന്ന നിലയ്ക്കാണ് അന്വേഷണം പുരോഗമിച്ചിരുന്നത്.
എന്നാൽ ഇയാളെ ചോദ്യം ചെയ്തതിലൂടെ തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായ നാലു പേരുടെ വിവരങ്ങൾ പുറത്തുവരികയായിരുന്നു. ഗൗരി വധം നടപ്പാക്കാനായി അമോൽ കാലെയ്ക്ക് പ്രതിമാസം 1.25 ലക്ഷം രൂപ വീതമാണ് നൽകിവന്നിരുന്നതെന്നും എസ്ഐടി കണ്ടെത്തി. ഗൗരി മംഗളൂരുവിൽ നടത്തിയ വർഗീയ വിരുദ്ധ പ്രസംഗത്തിന്റെ വിഡിയോ അമോൽ കാലെയ്ക്കു കൈമാറിയതും ഈ നാലു പേരാണ്. 2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.