തിരുവനന്തപുരം: വിഷു ദിനത്തിൽ നാടിനെ നടുക്കി വിഴിഞ്ഞത്ത് യുവാവ് ക്രൂരമായി കൊല്ലപ്പെട്ടു. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളടക്കം നാല് പേരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിത്തടം സ്വദേശികളായ അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബാറിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വിഷു ആഘോഷത്തിന് ശേഷം പ്രതികൾ ബാറിൽ മദ്യപിക്കുന്നതിനിടെ മറ്റൊരാളുമായി തർക്കത്തിലേർപ്പെട്ടിരുന്നു.
ഇത് പരിഹരിക്കാൻ സുമൻ ഇടപെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. സുമനെ ആദ്യം ബാറിനുള്ളിലിട്ട് മർദിച്ച പ്രതികൾ, അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ റോഡിലിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുമന്റെ തലയിലും മുഖത്തും നെഞ്ചിലും പ്രതികൾ ആഞ്ഞു ചവിട്ടുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മർദനം തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ‘കേസ് വന്നാലും സാരമില്ല, അവനെ ചവിട്ടെടാ’ എന്ന് ആക്രോശിക്കുകയും ചെയ്തുകൊണ്ടാണ് പ്രതികൾ ക്രൂരത തുടർന്നത്.
ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ബാറിലെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികൾ പകർത്തിയ വീഡിയോകളും പരിശോധിച്ച പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ വലയിലാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]