ബെംഗളൂരു : ഭാര്യയെ വെടിവച്ച് കൊല്ലുകയും രണ്ടു മക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ റിയൽ എസ്റ്റേറ്റ് വ്യവസായി പിടിയിൽ. ജയനഗർ 4–ബ്ലോക്ക് നിവാസി ഗണേഷ് ആണ് ബിഡദിയിൽ നിന്നു പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നു മക്കളിൽ രണ്ടുപേരെ വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗണേഷിന്റെ ഭാര്യ സഹാന(42)യാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളിൽ വെടിയേറ്റു മരിച്ചത്. വെടിയൊച്ച കേട്ടവർ ഓടിയെത്തിയപ്പോഴേക്കും മൂന്നു മക്കളെയും കൊണ്ട് ഗണേഷ് കടന്നുകളഞ്ഞു. ഇയാളുടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പൊലീസ് പിറകെയുണ്ടെന്നു മനസ്സിലാക്കിയ ഇയാൾ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 16 വയസ്സുള്ള മകന്റെ വയറിലും 11 വയസ്സുള്ള മകളുടെ വയറിലും കയ്യിലുമാണ് വെടിയേറ്റത്. മാനസിക വെല്ലുവിളി നേരിടുന്ന മറ്റൊരു മകൻ പരുക്കില്ലാതെ രക്ഷപ്പെട്ടു. വെടിയേറ്റ കുട്ടികൾക്കു വെള്ളം വാങ്ങിക്കൊടുക്കാൻ വഴിയരികിൽ ഇയാൾ കാർ നിർത്തിയതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്നു കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഞ്ചേപാളയ ഭാഗത്തു നിന്നു കഗ്ഗലിപുര പൊലീസ് ഇയാളെ പിടികൂടി. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. സകലേഷ്പുരയിൽ കാപ്പിത്തോട്ടം വിറ്റ ശേഷമാണ് ഗണേഷും കുടുംബവും ബെംഗളൂരുവിലേക്കു താമസം മാറ്റിയത്. റിയൽ എസ്റ്റേറ്റ് ബിസിനസിനു പുറമെ കനക്പുര റോഡിൽ റിസോർട്ടും നടത്തിയിരുന്ന ഗണേഷ് വൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിന്റെ പേരിൽ സഹാനയുമായി വഴക്കും പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനൊടുവിൽ ഭാര്യയെ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.